മുംബൈ: കൃഷ്ണദാസിന്റെ കീർത്തൻ പരിപാടി ആസ്വദിച്ച് ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശർമ്മയും. മുംബൈയിലെ നെസ്‌കോയിൽ നടന്ന പരിപാടിയിൽ ഇരുവരും പങ്കെടുക്കുന്ന ചിത്രങ്ങൾ സംഘാടകരാണ് പുറത്തുവിട്ടത്.
മുൻനിരയിൽ വിരാട് കോലിക്ക് സമീപമിരുന്ന് ആസ്വാദകർക്കൊപ്പം താളം പിടിച്ചും കയ്യടിച്ചും കീർത്തനങ്ങൾ ആസ്വദിക്കുന്ന അനുഷ്‌കയുടെ ചിത്രമാണ് സംഘാടകർ പുറത്തുവിട്ടത്. ഇരുവരുടെയും സാന്നിധ്യം പരിപാടിയെ കൂടുതൽ സവിശേഷമാക്കിയെന്നും സംഘാടകർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പരിപാടിയിൽ പങ്കെടുത്തവർ ചിത്രീകരിച്ച വീഡിയോകളും എക്‌സിലും ഇൻസ്റ്റയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നേരത്തെയും കൃഷ്ണദാസിന്റെ കീർത്തൻ പരിപാടിയിൽ ഇരുവരും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം ലണ്ടനിൽ നടന്ന പരിപാടിയിലും ഇരുവരും പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അനുഷ്‌ക ജയ് ശ്രീറാം വിളിക്കുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര നടക്കുന്നതിനിടെയാണ് കോലി അനുഷ്‌കയ്‌ക്കൊപ്പം പരിപാടിക്ക് എത്തിയത്. കഴിഞ്ഞ ദിവസം പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ ന്യൂസിലാൻഡ് പരാജയപ്പെടുത്തിയിരുന്നു. 24 മുതലാണ് രണ്ടാം ടെസ്റ്റ്.
ജെഫ്രി കാഗേൽ എന്നാണ് കൃഷ്ണദാസിന്റെ യഥാർത്ഥ പേര്. ഹിന്ദുഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് കീർത്തൻ പരിപാടി അവതരിപ്പിക്കുന്നത്. 1960 ൽ ആത്മീയ യാത്രയ്‌ക്കായി ഇന്ത്യയിലെത്തിയ അദ്ദേഹം നീം കരോലി ബാബയുടെ ശിഷ്യനായി മാറുകയായിരുന്നു. നീം കരോലി ബാബയുടെ ഫോളോവേഴ്‌സാണ് കോലിയും അനുഷ്‌കയും.















