കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പിപി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. നവീൻ ബാബുവിന്റെ ആത്മഹത്യ നടന്നതിന് ശേഷം പിപി ദിവ്യയോട് സംസാരിച്ചിട്ടില്ലെന്നും യാത്രയയപ്പ് യോഗത്തിന് മുൻപ് ദിവ്യ ഇങ്ങോട്ട് വിളിച്ചിരുന്നുവെന്നും കളക്ടർ പ്രതികരിച്ചു.
താൻ അവധിക്ക് പോകാൻ അപേക്ഷ നൽകിയിട്ടില്ലെന്നും അരുൺ വിജയൻ പറഞ്ഞു. അന്വേഷണ സംഘത്തിന് മുൻപിൽ മൊഴി രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് കളക്ടറുടെ പരാമർശം.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും ക്ഷണം നൽകാൻ പരിപാടിയുടെ സംഘാടകൻ താൻ ആയിരുന്നില്ലെന്നും കളക്ടർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കളക്ടറെ വെട്ടിലാക്കുന്ന പരാമർശമാണ് നൽകിയിരുന്നത്. യാത്രയയപ്പിന് വന്നത് കളക്ടർ ക്ഷണിച്ചിട്ടാണെന്ന് ദിവ്യ പറഞ്ഞിരുന്നു. കളക്ടറാണോ ദിവ്യയാണോ നുണപറയുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. യോഗത്തിന് മുൻപ് ഫോണിൽ വിളിച്ച് ദിവ്യ 50 സെക്കൻഡ് നേരം സംസാരിച്ചത് എന്തുവിഷയവുമായി ബന്ധപ്പെട്ടാണെന്ന ചോദ്യത്തിന് കളക്ടർ ഇപ്പോഴും മറുപടി നൽകിയിട്ടില്ല.
കൈക്കൂലി ആരോപണത്തിന് പിന്നാലെ മനംനൊന്ത് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർക്കും പിപി ദിവ്യക്കും ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. യാത്രയയപ്പ് ചടങ്ങിൽ ദിവ്യ എഡിഎമ്മിനെ അവഹേളിക്കുമ്പോൾ മൂക്കത്ത് വിരൽ വച്ച് ചിരിച്ച കളക്ടർക്ക് നേരെ ഇപ്പോഴും വൻ വിമർശനമാണ് ഉയരുന്നത്.