ഭാര്യയുടെ പ്രസവത്തിനിടെ പൊക്കിൾ കൊടി മുറിക്കുന്ന രംഗം ചിത്രീകരിച്ച് യുട്യൂബിൽ അപ്ലോഡ് ചെയ്ത യൂട്യൂബര്‍ മുഹമ്മദ് ഇൻഫാനെതിരെ കേസ്. ചെന്നൈ ഷോളിംനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മുഹമ്മദ് ഇൻഫാന്റെ ഭാര്യ പ്രസവിച്ചത്. ഇര്‍ഫാനെതിരെ നടപടി എടുക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
ജൂലൈയിലാണ് ഇൻഫാന്റെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭാര്യ ആശുപത്രിയിലേക്ക് പോകുന്നത് മുതൽ കുഞ്ഞിന്റെ ജനനം വരെയുള്ള സംഭവങ്ങൾ 16 മിനിറ്റ് വീഡിയോയാക്കി ഒക്ടോബർ 19 നാണ് പുറത്ത് വിട്ടത്. സിസീറിയന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഓപ്പറേഷൻ തീയറ്ററിലും യുട്യൂബർ എത്തി. പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഇര്‍ഫാനാണ് പൊക്കിള്‍ കൊടി മുറിക്കുന്നത്. യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോ അതിവേഗം വൈറലായി, രണ്ട് ദിവസത്തിനുള്ളിൽ 14 ലക്ഷം പേരാണ് വീഡിയോ കണ്ടത്.
ഓപ്പറേഷൻ തീയറ്ററിനുള്ളിൽ ക്യാമറയുമായി യൂട്യൂബറെ കയറ്റിയത് മെഡിക്കൽ എത്തിക്സിന്റെ ലംഘനമാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ജെ രാജമൂർത്തി പറഞ്ഞു. കൃത്യമായ പരിശീനമില്ലാത്തയാളെ പൊക്കിൾ കൊടി മുറിക്കാൻ അനുവദിച്ചത് ഡോക്ടർമാരുടെ വീഴ്ചയാണ്. ആശുപത്രിക്കും യൂട്യൂബറിനും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ഡോ. ജെ രാജമൂർത്തി പറഞ്ഞു.
മെയ് മാസത്തിൽ ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്തുന്ന ഇർഫാന്റെ വീഡിയോ വിവാദമായിരുന്നു. ദുബായിൽ വെച്ചാണ് ലിംഗ നിർണ്ണയം നടത്തിയത്. ഇതിന് പിന്നാലെ ജെൻഡർ റിവീൽ പാർട്ടി’യും ഇർഫാൻ നടത്തിയിരുന്നു.
അഭിനേതാവ് കൂടിയായ മുഹമ്മദ് ഇൻഫാൻ വിജയ്‌ക്കൊപ്പം ലിയോ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണ വേളയിൽ വിജയിക്കും സംവിധായകനുമായ ലോകേഷ് കനകരാജുമൊത്തുള്ള നിരവധി ഫോട്ടോകൾ തന്റെ ചാനലിൽ പങ്കുവെച്ചിരുന്നു.















