പ്രധാനമന്ത്രി റഷ്യയിൽ; കൃഷ്ണ സ്തുതി ആലപിച്ച് മോദിയെ വരവേറ്റ് റഷ്യൻ പൗരന്മാർ

Published by
Janam Web Desk

മോസ്‌കോ: 16-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം നൽകി റഷ്യ. കാസൻ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ റിപ്പബ്ലിക് ഓഫ് ടാട്ടർസ്താൻ മേധാവി റുസ്തം മിന്നിഖാനോവ് സ്വീകരിച്ചു. ഇന്ത്യ- റഷ്യ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായും കൂടിക്കാഴ്ച നടത്തും.

സവിശേഷമായ വരവേൽപ്പാണ് പ്രധാനമന്ത്രിക്കായി റഷ്യൻ പൗരന്മാർ ഒരുക്കിയത്. കൃഷ്ണ സ്തുതി ആലപിച്ച് റഷ്യൻ പൗരന്മാർ അദ്ദേഹത്തെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും പങ്കിടുന്ന ആത്മീയതയും സാംസ്‌കാരിക പൈതൃകവും ഉയർത്തിക്കാട്ടുന്നതിനായിരുന്നു കൃഷ്ണ സ്തുതി ആലപിച്ച് മോദിയെ വരവേറ്റത്.

അന്താരാഷ്‌ട്ര ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിൽ ഇത്തരം സാംസ്‌കാരിക പരിപാടികൾക്കുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. കാസനിലെ ഹോട്ടലിലെത്തിയ പ്രധാനമന്ത്രിയെ കാണാനായി നിരവധി ഇന്ത്യൻ പ്രവാസികളുമെത്തി. അവരുമായും അദ്ദേഹം ഏറെ നേരം സംവദിച്ചു.

കാസൻ സന്ദർശനം ഇന്ത്യ-റഷ്യ സൗഹൃദബന്ധം കൂടുതൽ ദൃഢപ്പെടുത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുടിൻ ഒരുക്കുന്ന അത്താഴ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും. പുടിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, ആഗോള വികസനം തുടങ്ങി നിരവധി വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും.

Share
Leave a Comment