ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം പരിഹരിക്കാൻ ഇന്ത്യയ്‌ക്ക് നിർണായക പങ്ക് വഹിക്കാൻ സാധിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെയാണ് പെസഷ്‌കിയാൻ ഇക്കാര്യം ആവശ്യപ്പെട്ടത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളിൽ ആശങ്ക പങ്കുവച്ച ഇന്ത്യ, മേഖലയിൽ സംഘർഷം അവസാനിപ്പിക്കുന്നതിന് നയതന്ത്ര തലത്തിലുള്ള സംഭാഷണത്തിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേൽ-ഹമാസ് പോരാട്ടം ഒരു വർഷം പിന്നിടുന്നതിനിടെയാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇസ്രായേലിനെതിരെ ഇറാൻ ബാലിസ്റ്റിക് ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേലും അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധം പുലർത്തുണ്ടെന്നും, ഇത് സംഘർഷം പരിഹരിക്കാനുള്ള മാർഗമായി ഉപയോഗിക്കണമെന്നുമാണ് പെസഷ്‌കിയാൻ ആവശ്യപ്പെട്ടത്. മൂന്ന് ആഴ്ചകൾക്ക് മുൻപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു.
ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും, അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. ചബഹാർ തുറമുഖം, ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ തുടങ്ങിയ പദ്ധതികളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഭാവിയിൽ വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലും പറയുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം പരിഹരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മസൂദ് പെസഷ്‌കിയാനുമായുള്ള ചർച്ചയിൽ ഉന്നയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. പെസഷ്‌കിയാൻ ഇക്കുറി തെരഞ്ഞടുപ്പിൽ നേടിയ വിജയത്തിനും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. ചബഹാർ തുറമുഖത്തിന്റെ കരാറിൽ ഒപ്പിടുന്നത് ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലാണെന്ന് ഇരുനേതാക്കളും എടുത്ത് പറഞ്ഞതായും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ സന്ദർശിക്കാൻ മസൂദ് പെസഷ്‌കിയനെ പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.