മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി മഹാരാഷ്‌ട്ര. ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 45 പേരടങ്ങുന്ന ആദ്യ ഘട്ട പട്ടികയാണ് ശിവസേന പുറത്തുവിട്ടിരിക്കുന്നത്. കോപ്രി-പച്പഖാഡി മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മത്സരിക്കും.
മഹാരാഷ്‌ട്രയിലെ 288 സീറ്റുകളിലേക്ക് നവംബർ 20നാണ് തെരഞ്ഞെടുപ്പ്. ജോഗേശ്വരി (കിഴക്ക്)- മനീഷ രവീന്ദ്ര വൈകർ, നന്ദ്‌ഗാവ് – സുഹാസ് ദ്വാരകനാഥ് കാണ്ഡെ, ഛത്രപതി സംഭാജിനഗർ (middle), പ്രദീപ് ശിവനാരായണൻ ജയ്‌സ്വാൾ, നന്ദേഡ് നോർത്തിൽ നിന്ന് ബാലാജി ദേവിദാസ്‌റാവു കല്യാൺകർ എന്നിങ്ങനെ ജനവിധി തേടും.
മഹാരാഷ്‌ട്രയിൽ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23ന് വോട്ടെണ്ണും. മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഷിൻഡെയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും ഇത്തവണയും മത്സരിക്കുന്നുണ്ട്. എൻസിപി വൈകാതെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഭരണകക്ഷിയായ എൻഡിഎയുടെ മഹായൂതി സഖ്യത്തിൽ ശിവസേനയും ബിജെപിയും കൂടാതെ എൻസിപിയുടെ അജിത് പവാർ പക്ഷമാണുള്ളത്. എതിർവശത്ത് മഹാവികാസ് അഘാടി സഖ്യത്തിൽ ശിവസേനാ ഉദ്ധവ് വിഭാഗവും എൻസിപി ശരദ് പവാർ വിഭാഗവും കോൺഗ്രസുമുണ്ട്.















