കൊച്ചി: നടൻ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. താരത്തിന്റെ മൂന്നാമത്തെ വിവാഹമാണിത്. ആദ്യം വിവാഹം കഴിച്ചത് ഗായിക അമൃത സുരേഷിനെയായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇത്. ശേഷം ഡോ. എലിസബത്തിനെയാണ് വിവാഹം ചെയ്തത്. ഇപ്പോൾ വിവാഹം കഴിച്ച കോകില ബന്ധുവാണെന്നും ബാല പ്രതികരിച്ചു. കലൂർ പാവകുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.
ബാലയുടെ അമ്മയ്‌ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. പ്രായാധിക്യം കാരണമുള്ള ദേഹാസ്വാസ്ഥ്യങ്ങൾ കാരണമാണ് വരാതിരുന്നതെന്ന് ബാല പ്രതികരിച്ചു. കോകിലയെ കുട്ടിക്കാലം മുതൽ അറിയാമെന്നും ബാല പറഞ്ഞു. വധുവിന്റെ പ്രതികരണം മാദ്ധ്യമപ്രവർത്തകർ തേടിയെങ്കിലും മലയാളം അറിയാത്തതിനാൽ പ്രതികരിച്ചില്ല.
ആദ്യ വിവാഹവുമായി ബന്ധപ്പെട്ട ചില കേസുകൾ കാരണം കഴിഞ്ഞ ദിവസം ബാല അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇതിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോൾ ഇനിയും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന കാര്യം ബാല വ്യക്തമാക്കിയിരുന്നു. തുറന്നുപറച്ചിലിന് തൊട്ടുപിന്നാലെയാണ് വീണ്ടും മിന്നുകെട്ട് നടന്നത്. അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക എന്നായിരുന്നു താലികെട്ടിന് ശേഷം ബാല പ്രതികരിച്ചത്. “എനിക്ക് തുണ വേണം, നോക്കാൻ ആളുവേണം എന്ന് തോന്നി. അത് എന്റെ സ്വന്തത്തിൽ നിന്നുള്ള ആളാകുമ്പോൾ കുറച്ചുകൂടി നല്ലതല്ലേ.. കഴിഞ്ഞ ഒരു വർഷത്തിനിടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചു. ഭക്ഷണവും മരുന്നുമൊക്കെ ശരിക്ക് കഴിക്കുന്നുണ്ട്. ഇനി നല്ലപോലെ മുൻപോട്ട് പോകാൻ പറ്റുമെന്നാണ് വിശ്വസിക്കുന്നത്. മനസറിഞ്ഞ് അനുഗ്രഹിക്കാൻ തോന്നുന്നവർ അനുഗ്രഹിക്കുക.” – ബാല പറഞ്ഞു.