തൃശൂർ: പി.വി അൻവറിന് മുസ്ലിം ലീഗ് ഓഫീസിൽ സ്വീകരണം. തൃശൂർ ദേശമംഗലം പഞ്ചായത്തിലെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് സ്വീകരണം നൽകിയത്. അൻവറിനെ സ്വീകരിച്ച് ഓഫീസിലേക്ക് ആനയിച്ച് ഇരുത്തുകയും പ്രാദേശിക വിഷയങ്ങൾ ലീഗ് നേതാക്കൾ ചർച്ചചെയ്യുകയും ചെയ്തു. ലീഗ് നേതാവും ദേശമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ സലീമിന്റെ നേതൃത്വത്തിലായിരുന്നു അൻവറിനെ സ്വീകരിച്ചത്. പിവി അൻവറിനൊപ്പം ചേലക്കരയിലെ ഡിഎംകെ സ്ഥാനാർഥി എൻ.കെ സുധീറും ലീഗ് ഓഫീസിൽ എത്തിയിരുന്നു.
എൽഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് സിപിഎം ബന്ധം ഉപേക്ഷിച്ച് പോന്ന നിലമ്പൂർ എംഎൽഎ പിവി അൻവർ അനുദിനം കോൺഗ്രസിനെയും പ്രതിപക്ഷനേതാവ് വിഡി സതീശനെയും പരിഹസിച്ചും അപഹസിച്ചും മുന്നോട്ടുപോകുന്നതിനിടെയാണ് ലീഗുമായുള്ള അന്തർധാരകൾ സജീവമാകുന്നത്. യുഡിഎഫിലേക്കില്ലെന്ന് അൻവർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ലീഗിനോട് അൻവർ തുടരുന്ന മൃദുസമീപനം ശ്രദ്ധേയമാണ്. ഉപതെരഞ്ഞെടുപ്പിന് അൻവറിന്റെ കൂട്ടായ്മയായ ഡിഎംകെ മത്സരിക്കുന്നുണ്ട്. ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീർ ശക്തമായ പോരാട്ടം കാഴ്ചവയ്‌ക്കുമെന്നാണ് അൻവറിന്റെ അവകാശവാദം. ഇതിനായി പ്രാദേശിക ലീഗ് നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കമായാണ് തൃശൂരിലെ മുസ്ലിം ലീഗ് ഓഫീസ് സന്ദർശിച്ച അൻവറിന്റെ നടപടിയെ വിലയിരുത്തുന്നത്.
സിപിഎം ബന്ധം വെടിഞ്ഞെത്തിയ അൻവർ നടത്തിയ പൊതുസമ്മേളനങ്ങളിലെല്ലാം ലീഗ് നേതൃത്വത്തെയും ഇസ്ലാംമത നേതാക്കളെയും തലോടുന്ന സമീപനമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അൻവറിന്റെ പുതിയ നീക്കം ചർച്ചയാകുന്നത്. യുഡിഎഫ് നേതാക്കളെക്കുറിച്ച് അപഹാസ്യമായ രീതിയിൽ സംസാരിക്കുന്ന അൻവറുമായി ലീഗ് പുലർത്തുന്ന ബന്ധത്തെ കോൺഗ്രസ് ഏതുരീതിയിൽ വിശദീകരിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.















