റഷ്യയിലെ കസാനിൽ ബ്രിക്‌സ് ഉച്ചകോടിയ്‌ക്കിടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റേയും ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അത്താഴവിരുന്നിന് മുന്നോടിയായി ഒരുക്കിയ സംഗീത പരിപാടി പുടിനൊപ്പമിരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ജിൻപിങ്ങും ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.
പുടിന്റെ ഇടവും വലവുമായിട്ടാണ് മോദിയും ഷി ജിൻപിങ്ങും ഇരിക്കുന്നത്. ഇതിനിടെ പുടിനും ഷി ജിൻപിങ്ങും തമ്മിൽ സംഭാഷണത്തിൽ ഏർപ്പെടുന്നതിനിടെ പുടിന് തൊട്ടടുത്ത് നിൽക്കുന്ന മോദി മറ്റൊരിടത്തേക്ക് തംപ്‌സ് അപ്പ് നൽകുന്ന ചിത്രവും പലരും ഏറ്റെടുത്തിട്ടുണ്ട്. നല്ലൊരു സൗഹൃദത്തിന്റെ നിമിഷമെന്നാണ് പലരും ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയും ചൈനയും യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിച്ച ശേഷമാണ് ഇത്തരമൊരു കൂടിക്കാഴ്ച നടക്കുന്നത്. പ്രധാനമന്ത്രിയും ഷി ജിൻപിങ്ങും അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ന് കൂടിക്കാഴ്ച നടക്കാനിരിക്കുകയാണ്. നാല് വർഷത്തിലേറെയായി തുടരുന്ന അസ്വാരസ്യങ്ങൾക്കൊടുവിലാണ് നേതാക്കൾ തമ്മിൽ നിർണായക കൂടിക്കാഴ്ച നടക്കാനിരിക്കുന്നത്.
പുടിൻ ഒരുക്കിയ അത്താഴ വിരുന്നിൽ പുടിനും മോദിയും ഷി ജിൻപിങ്ങും അടുത്തടുത്തായി ഇരുന്നത് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മറ്റൊരു തലത്തിലേക്ക് മാറുന്നതിന്റെ സൂചനയാണെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ അടക്കം സൂചിപ്പിക്കുന്നത്. അതിർത്തി തർക്കം ഉടലെടുക്കുന്നതിന് മുൻപായി 2019 ഒക്ടോബറിൽ തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് വച്ചാണ് മോദിയും ഷി ജിൻപിങ്ങും അവസാനമായി ഔദ്യോഗിക കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അതിർത്തി തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇരുപക്ഷവും ശക്തമാക്കിയിരുന്നു.
ജൂലൈ 4ന് കസാക്കിസ്ഥാനിൽ നടന്ന എസ്സിഒ ഉച്ചകോടിയിലും ജൂലൈ 25ന് ലാവോസിൽ നടന്ന ആസിയാൻ യോഗത്തിലും വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെപ്തംബറിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന ബ്രിക്‌സ് യോഗത്തിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പുറമെ സൈനിക തലത്തിലുള്ള ചർച്ചകളും ഇരുപക്ഷവും മുന്നോട്ട് കൊണ്ടുപോയിരുന്നു.