മറ്റൊരു രാജ്യത്ത് നിന്ന് കുടിയേറി ഒരു ജനതയുടെ തന്നെ ജീവിതത്തെ താറുമാറാക്കിയ ഒരുപാട് ജീവികളെ പറ്റി നാം കേട്ടിട്ടുണ്ട്. മലയാളികൾക്കും ഇങ്ങനെയൊരു കൈപ്പേറിയ അനുഭവമുണ്ട്. പെറ്റുപെരുകി വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചാണ് മലയാളികളുടെ വില്ലനായി മാറുന്നത്. ഇപ്പോഴിതാ വയനാട്ടിൽ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം വീണ്ടും കണ്ടെത്തിയിരിക്കുകയാണ്.
കാർഷികവിളകൾക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകർച്ച വ്യാധികൾ പടർന്നതുമായ ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം വയനാട്ടുകാർക്ക് ദുരന്തമായി മാറുകയാണ്. സന്ധ്യകഴിഞ്ഞാണ് ഒച്ചുകൾ തടങ്ങളിൽ നിന്ന് പുറത്തുവരുക. പിന്നെ പുലർച്ചവരെ ചെടികൾ തിന്നുതീർക്കും. വാഴ, മഞ്ഞൾ, കൊക്കോ, കാപ്പി, കമുക്, ഓർക്കിഡ്, ആന്തൂറിയം, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവയെല്ലാം ഇവ നശിപ്പിക്കും. റബർ കർഷകർക്കും വലിയ ശല്യമായി മാറിയിരിക്കുകയാണ് ആഫ്രിക്കൻ ഒച്ചുകൾ.
അക്കാറ്റിന ഫുലിക്ക (Achatina fulica) എന്ന ശാസ്ത്രനാമമുള്ള ആഫ്രിക്കൻ ഒച്ചുകളെ രാക്ഷസ ഒച്ച് എന്നും വിളിക്കാറുണ്ട്. അന്തരീക്ഷ വായു ശ്വസിച്ചു കരയിൽ ജീവിക്കുന്ന വലിപ്പം കൂടിയ ഈ ഒച്ച് കിഴക്കൻ ആഫ്രിക്കൻ സ്വദേശി ആണ്. ഇന്ന് ഏഷ്യ ഒട്ടുക്കും, ഇന്ത്യൻ മഹാസമുദ്ര ദ്വീപുകൾ, വെസ്റ്റ് ഇൻഡീസ് ദ്വീപുകൾ എന്നീ സ്ഥലങ്ങളിലെല്ലാം ഇവ സാധാരണമായിക്കഴിഞ്ഞു. 1847-ൽ പശ്ചിമ ബംഗാളിലാണ് ഇന്ത്യയിലാദ്യമായി ഇവയെ കണ്ടെത്തിയത്. 1970-കളിൽ പാലക്കാട്ടും കണ്ടെത്തി. 2005 മുതലാണ് കേരളത്തിലങ്ങോളമിങ്ങോളം ഈ ഒച്ചുകളെ കണ്ടുതുടങ്ങിയത്.















