ചെറിയ ബജറ്റിലെത്തി സൈലറ്റ് ഹിറ്റായ കോളിവുഡ് ചിത്രം ലബ്ബർ പന്ത് ഒടിടിയിലേക്ക്. ഹരിഷ് കല്യാൺ ആട്ടക്കത്തി ദിനേശ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം സെപ്റ്റംബർ 20-നാണ് ബിഗ് സ്ക്രീനിലെത്തിയത്. ബോക്സോഫീസിൽ നിന്ന് 42 കോടിയോളം നേടാനും ചിത്രത്തിന് സാധിച്ചു. ആരാധകരിൽ നിന്നും നിരൂപകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രം ഇക്കൊല്ലം ഇറങ്ങിയ തമിഴ് സിനിമകളിലെ ഏറ്റവും മികച്ചതെന്നാണ് അറിയപ്പെടുന്നത്.ഓക്ടോബർ 31ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാകും ചിത്രം സ്ട്രീം ചെയ്യുക.
തമിഴരസൻ പച്ചമുത്തു എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഹരിഷ് കല്യാണും ആട്ടക്കത്തി ദിനേശും വലിയ പ്രശംസകൾ നേടി. ക്രിക്കറ്റും ജാതിയും ഒരു മുഖ്യ കഥാപാത്രമാകുന്ന ചിത്രത്തിൽ മലയാളി താരം സ്വാസികയായിരുന്നു നായിക. സഞ്ജന കൃഷ്ണമൂർത്തിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കാളി വെങ്കട്ട്, ദേവദർശിനി, ജെൻസൺ ദിവാകർ,ടിഎസ്കെ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് ലക്ഷ്മൺ കുമാറും എ വെങ്കിടേശും ചേർന്നാണ് ചിത്രം നിർമിച്ചത്.