ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടിം ടോട്ടൽ സ്വന്തമാക്കി സിംബാബ്‌വേ. ടി20 ലോകകപ്പ് സബ് റീജണൽ യോഗ്യതാ ടൂർണമെന്റിലാണ് നേപ്പാളിന്റെ റെക്കോർഡ് മറികടന്നത്. ഗാമ്പിയക്ക് എതിരെ നാല് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് അടിച്ചുകൂട്ടിയത്. നായകൻ സിക്കന്ദർ റാസ 43 പന്തിൽ 133 റൺസാണ് നേടിയത്. 15 പടുകൂറ്റൻ സിക്സറുകളും ഏഴ് ഫോറും അടങ്ങുന്നതാണ് റാസയുടെ ഇന്നിംഗ്സ്. സിംബാബ്‌വേ താരങ്ങളുടെ ബാറ്റിൽ നിന്ന് 27 സിക്സും 30 ബൗണ്ടറികളുമാണ് അതിർത്തിവര കടന്നത്. 2023 സെപ്റ്റംബറിൽ മങ്കോളിയക്കെതിരെ നേപ്പാൾ കുറിച്ച 314 റൺസിന്റെ റെക്കോർഡാണ് വീണത്. ബംഗ്ലാദേശിനെതിരെ 297 റൺസ് കുറിച്ച ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്.
33 പന്തിലാണ് റാസ സെഞ്ച്വറി തികച്ചത്. ടി20 ക്രിക്കറ്റിലെ രണ്ടാം അതിവേഗ സെഞ്ച്വറിയാണ്. നമീബിയൻ താരം ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റണിനൊപ്പമാണ് റാസ റെക്കോർഡ് പങ്കിടുന്നത്. നേപ്പാളിന്റെ സഹിൽ ചൗഹാന്റെ പേരിലാണ് ടി20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി നേട്ടം. ചൗഹാൻ 27 പന്തിലാണ് സെഞ്ച്വറി കുറിച്ചത്. ഗാമ്പിയയെ 54 റൺസിന് പുറത്താക്കി 290 റൺസിന്റെ കൂറ്റൻ ജയവും സിംബാബ്‌വേ സ്വന്തമാക്കി.
ടി20 ക്രിക്കറ്റിലെ റൺസ് അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ വിജയവുമാണിത്. ട്വൻ്റി20 ക്രിക്കറ്റിലെ ഏറ്റവും അധികം റൺസ് വഴങ്ങിയ ബൗളറെന്ന റെക്കോർഡ് ഗാമ്പിയയുടെ ജോബർട്ടെയുടെ പേരിലായി. നാലോവറിൽ 93 റൺസാണ് താരം വഴങ്ങിയത്. നേരത്തെ ഓസ്ട്രേലിയക്കെതിരെ 75 റൺസ് വഴങ്ങിയ ലങ്കൻ താരം കസുൻ രജിതയുടെ പേരിലായിരുന്നു നാണക്കേടിന്റെ റെക്കോർഡ്.