ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം രണ്ട് രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമല്ല, ലോകത്തിന്റെയാകെ സമാധാനത്തിനും സ്ഥിരതയ്‌ക്കും പുരോഗതിക്കും വളരെ പ്രധാനമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രിയും ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടന്നത്. അതിർത്തി മേഖലയിലെ പ്രശ്‌നങ്ങളിൽ ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ ചർച്ചകൾ നടത്തി സമവായത്തിലെത്തിയതിന് പിന്നാലെയാണ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച.
അതിർത്തിയിൽ കഴിഞ്ഞ നാല് വർഷമായി തുടരുന്ന പ്രശ്‌നങ്ങളിൽ ഉണ്ടായ സമവായത്തെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ”രാജ്യ അതിർത്തികളിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുക എന്നതിനാണ് എല്ലായ്‌പ്പോഴും പ്രാധാന്യം കൊടുക്കുന്നത്. പരസ്പര വിശ്വാസവും, പരസ്പര ബഹുമാനം ഇതായിരിക്കണം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനം. ഇന്ന് ഈ വിഷയങ്ങളെ കുറിച്ച് തുറന്നു സംസാരിക്കാൻ അവസരം ലഭിച്ചു. ചർച്ചകൾ തുറന്ന മനസോടെ തന്നെ നടത്തുമെന്നും, ചർച്ചകളുടെ പ്രാധാന്യം മനസിലാക്കി ഭാവിയിലും അത് തുടരുമെന്നും” പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, ഇരുപക്ഷവും തമ്മിലുള്ള ആശയവിനിമയവും സഹകരണവും തുടരേണ്ടത് പ്രധാനമാണെന്നും ഷി ജിൻപിങ്ങും ചൂണ്ടിക്കാട്ടി. ” അഞ്ച് വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഉഭയകക്ഷി കൂടിക്കാഴ്ച നടക്കുന്നത്. ഇന്ത്യയിലേയും ചൈനയിലേയും ജനങ്ങൾ മാത്രമല്ല, ലോകരാജ്യങ്ങളും ഈ കൂടിക്കാഴ്ചയെ ശ്രദ്ധയോടെ വീക്ഷിക്കുന്നു. ഇന്ത്യയും ചൈനയും വികസ്വര രാജ്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമിടയിൽ ആശയവിനിമയവും സഹകരണവും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അഭിപ്രായവ്യത്യാസങ്ങളേയും വിയോജിപ്പുകളേയും കൃത്യമായി കൈകാര്യം ചെയ്യുമെന്നും” ഷി ജിൻപിങ് പറയുന്നു.
അതിർത്തിയിലെ പുതിയ നീക്കങ്ങളെ ഇരുനേതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യ ചൈന വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശകാര്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ചർച്ചകളും തുടരും. 2025ൽ ചൈനയിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് യോഗത്തിനും ഇന്ത്യ പിന്തുണ അറിയിച്ചിട്ടുണ്ട്.