കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശേരി സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത്. ആത്മഹത്യ പ്രേരണ കുറ്റം ശരിവയ്‌ക്കുന്ന തെളിവുകളും സാക്ഷിമൊഴികളും കോടതി നിരീക്ഷിക്കും. യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങളും കേസിൽ നിർണായക തെളിവാകും.
അതേസമയം, യാത്രയയപ്പ് ചടങ്ങിൽ നവീൻ ബാബുവിനെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ പി പി ദിവ്യയാണ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിവ്യ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറിയതിനും തെളിവുകളുണ്ട്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയുടെ അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തൽ. ഈ റിപ്പോർട്ട് സർക്കാരിന് ഇന്ന് കൈമാറും.
എന്നാൽ, നവീൻ ബാബുവിനെതിരെയുള്ള അഴിമതി ആരോപണത്തിന് യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. പെട്രോൾ പമ്പിന് എൻഒസി നൽകുന്നത് നവീൻ ബാബു ബോധപൂർവ്വം വൈകിപ്പിച്ചതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.
കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ഒളിവിൽ പോയ ദിവ്യയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മൂന്ന് തവണ വീട്ടിൽ എത്തിയെങ്കിലും ദിവ്യ എവിടെയെന്നുള്ള വിവരം വീട്ടുകാർക്കും അറിയില്ലെന്നാണ് പൊലീസിന്റെ വാദം.