എറണാകുളം: കൊച്ചി കേന്ദ്രികരിച്ച് വളരുന്ന പെൺവാണിഭ സംഘങ്ങൾക്ക് തടയിടാനൊരുങ്ങി പൊലീസ്. ഒരാഴ്ചയ്‌ക്കിടെ ആലുവയിലും കൊച്ചിയിലുമായി 15-ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺവാണിഭ സംഘങ്ങൾ മുഖേന ലഹരി ഇടപാടുകൾ നടത്തുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ ഞായറാഴ്ച ആലുവയിലെ ലോഡ്ജിൽ നിന്ന് ഏഴ് സ്ത്രീകൾ ഉൾപ്പെടെ 12 പേരടങ്ങുന്ന പെൺവാണിഭ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് തവണ കൊച്ചിയിൽ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ നിന്ന് പെൺവാണിഭ സംഘത്തെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പേരെയാണ് പൊലീസ് ഇവിടെ നിന്ന് പിടികൂടിയത്.
ലഹരി സംഘത്തിനെ പിടികൂടുന്നതിന്റെ ഭാഗം കൂടിയാണ് അന്വേഷണ സംഘത്തിന്റെ നിലവിലുള്ള നടപടികൾ. വിദ്യാർത്ഥികൾ മുതൽ പ്രായമേറിയ സ്ത്രീകൾ വരെ സംഘങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ഇടപാടുകളിലൂടെ പണം കൈമാറിയതായും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ ലൈംഗിക തൊഴിലാളികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ച് ലഹരി വിൽപ്പന നടത്തുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി സംഘങ്ങളെ പിടികൂടുന്നതിനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ നേരത്തെ വ്യക്തമാക്കിയിരുന്നു.















