ഹരിപ്പാട്: ചരിത്രപ്രസിദ്ധമായ മണ്ണാറശാല ആയില്യം ഒക്ടോബർ 26 ശനിയാഴ്ച. നാഗ പ്രീതി തേടി ആയിരക്കണക്കിന് ഭക്തരാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്ക് ഒഴുകി എത്തുക.
തുലാം മാസത്തിലെ ആയില്യം നാളിലാണ് മണ്ണാറശാല നാഗ രാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം തൊഴല്‍. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല അന്യ ദേശങ്ങളില്‍ നിന്നും പോലും ധാരാളം ഭക്തര്‍ ആയില്യം തൊഴലിനു എത്താറുണ്ട്.
ആയില്യം നാളിൽ പുലര്‍ച്ചെ നാല് മണിക്ക് നട തുറക്കും. നിര്‍മാല്യ ദര്‍ശനത്തിനും അഭിഷേകത്തിനും ശേഷമുള്ള പൂജകള്‍ക്ക് കുടുംബ കാരണവരാണ് കാര്‍മ്മികത്വം വഹിക്കുക.
മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ അധിദേവത നാഗരാജാവായ വാസുകിയാണ്. നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തിയുള്ള വിശേഷാല്‍ പൂജകളാണ് ആയില്യം നാളിലെ പ്രധാന ചടങ്ങ്.
പ്രധാന പ്രതിഷ്ഠയായ വാസുകിക്കൊപ്പം നാഗയക്ഷിയമ്മയുടെയും മറ്റ് ഉപനാഗ ദേവതകളുടെയും ബിംബങ്ങൾ വലിയമ്മയുടെ നേതൃത്വത്തിൽ ഇല്ലത്തുള്ള നിലവറയിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങ് ഏറെ പ്രാധാന്യമുള്ളതാണ് . മുഖ്യപൂജാരിണിയായ വലിയമ്മയാണ് നാഗരാജ വിഗ്രഹം വഹിച്ചുകൊണ്ട് എഴുന്നള്ളത്തിന് നേതൃത്വം നൽകുന്നത്.പൂയം നാളിൽ സന്ധ്യാവേളയിൽ ഉള്ള പൂയംതൊഴലും. ആയില്യം പൂജാദർശനവും ഒക്കെ ഭക്തജന സഹസ്രങ്ങളിൽ വല്ലാത്ത ഭക്തിപാരവശ്യമുളവാക്കുന്ന കാഴ്ചകളാണ്.
സ്ത്രീകള്‍ പൂജാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ക്ഷേത്രമെന്ന ഖ്യാതിയും മണ്ണാറശാലയ്ക്കു ഉണ്ട്. മണ്ണാറശാല ഇല്ലത്തില്‍ വധുവായി എത്തുന്ന ഏറ്റവും മുതിര്‍ന്ന സ്ത്രീയാണു മണ്ണാറശാല അമ്മയായി അവരോധിക്കപ്പെടുന്നത്.