തൃശൂർ: ഷാർജ പുസ്തകകോത്സവത്തിന്റെ ഗ്രാന്റോടു കൂടി ഒരു മലയാളനോവൽ ടർക്കിഷ് ഭാഷയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നു. എസ്.മഹാദേവൻ തമ്പിയുടെ ‘അലകളില്ലാത്ത കടൽ’ എന്ന നോവലിനാണ് ഈ അപൂർവാവസരം കൈവന്നിരിക്കുന്നത്.
തമിഴിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റിയിട്ടുള്ള നോവലിന്റെ ഇംഗ്ലീഷ് വിവർത്തനമായ ‘പേർജ്’ ആണ് ടർക്കിഷിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുന്നത്. പത്രപ്രവർത്തകനും വിവർത്തകനും കഥാകാരനുമായ പി.മുരളീധരൻ ആണ് ‘അലകളില്ലാത്ത കടൽ’, ‘പേർജ്’എന്ന പേരിൽ ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയത്.
ഷാർജാ പുസ്തകോത്സവത്തിൽ നിന്ന് തെരഞ്ഞെടുത്ത ഈ കൃതിക്ക് ടർക്കിഷ് ഭാഷയിലേക്കുള്ള വിവർത്തനത്തിനും പ്രസാധനത്തിനും എസ്‌ഐബിഎഫ് പ്രത്യേക ഗ്രാന്റ് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പും നൽകിയിട്ടുണ്ട്. അക്കിഫ്പാമുക്കിനാണ് പ്രസാധന ചുമതല. അടുത്ത ഷാർജ പുസ്തകോത്സവത്തിന് മുമ്പ് ടർക്കിഷ് പതിപ്പു് പ്രസിദ്ധീകരിക്കണം. ഒരു മലയാള പുസ്തകത്തെ സംബന്ധിച്ച് ഇത് ശ്രദ്ധേയമായ അംഗീകാരമാണെന്ന് നോവലിന്റെ പ്രസാധകരായ ഗ്രീൻ ബുക്സ് അധികൃതർ പറഞ്ഞു.
മലയാളത്തിൽ മൂന്നു പതിപ്പുകൾ ഇറങ്ങിയ ‘അലകളില്ലാത്ത കടൽ’ ശ്രീലങ്കയിലെ തമിഴ് പ്രക്ഷോഭത്തിന്റെയും അവിടെനിന്നും ഇന്ത്യയിലേക്കുള്ള അഭയാർത്ഥി പ്രവാഹത്തിന്റെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതാണ്. ‘ മേലും സില രത്തക്കുറിപ്പുഗൾ’ എന്ന പേരിൽ തമിഴിൽ മൊഴിമാറ്റിയ നോവൽ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ തമിഴ് സമൂഹത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഘർഷ ഭൂമികയെ കുറിച്ചുള്ള സർഗ്ഗ രചന എന്ന ഗണത്തിൽ പാശ്ചാത്യ സർവകലാശാലകളിലും വ്യാപകമായി ‘പേർജ്’് ചർച്ച ചെയ്യപ്പെട്ടു.
കശ്മീർ പ്രശ്നത്തെ അധികരിച്ച് എസ് മഹാദേവൻ തമ്പി എഴുതിയ ‘ആസാദി’ എന്ന നോവലും അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.