പാലക്കാട്: രണ്ട് എൽഡിഎഫ് എംഎൽഎമാരെ എൻസിപി അജിത പവാർ പക്ഷത്ത് എത്തിക്കാൻ 100 കോടി രൂപ തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തെന്ന ആരോപണം അടിസ്ഥാന പ്രചാരണവേലയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും കൂട്ടർക്കും ശശീന്ദ്രനെ മന്ത്രിസഭയിൽ നിലനിർത്താൻ വേണ്ടിയുളള പ്രചാരണം മാത്രമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മാദ്ധ്യമങ്ങളെയും സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചു.
ആളുകളെ കബളിപ്പിക്കാനുള്ള വാചകങ്ങൾ മാത്രമാണിത്. തോമസ് കെ. തോമസ് 50 കോടി രൂപ വീതം കൊടുത്ത് എംഎൽഎമാരെ വിലയ്‌ക്ക് വാങ്ങി കക്ഷത്ത് വച്ചിട്ട് പുഴുങ്ങി തിന്നാണോ? അടിസ്ഥാന രഹിതമായ ആരോപണങ്ങൾ മാത്രമാണിവ. ഏത് ഘടകത്തോടൊപ്പമാണ് നിയമസഭയിൽ നിൽക്കുന്നതെന്ന് സംബന്ധിച്ചുള്ള സത്യവാങ്മൂലം ഓരോരുത്തരും സമർപ്പിച്ചിട്ടുണ്ട്. 50 അല്ല 500 കോടി കൊടുത്താലും സാധിക്കില്ല. എൻസിപിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ശശീന്ദ്രൻ വിഭാഗത്തോടൊപ്പമാണ് മുഖ്യമന്ത്രി നിൽക്കുന്നത്. ശശീന്ദ്രനെ മന്ത്രിയാക്കി നിർത്തിയാൽ ആ വകുപ്പ് പൂർണമായും സിപിഎമ്മിന് ഭരിക്കാം. ഇപ്പോൾ അങ്ങനെയാണ് നടക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രചാരണവേല മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്നം മുതലെടുത്ത് മുഖ്യമന്ത്രിയും സിപിഎമ്മും ശശീന്ദ്രൻ വിമഭാഗത്തിനൊപ്പം നിൽക്കുകയാണ്. 50 കോടിയും 100 കോടിയുമൊക്കെ തന്നാൽ പത്ത് സീറ്റ് വേറെ ജയിച്ചോളാമെന്നും പണം ഞങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകമാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. പണം നൽകി നേതാക്കളെ ചാക്കിലിടുന്നതിലും നല്ലത് ജനങ്ങൾക്ക് നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കാള പെറ്റുവെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്നത് മാദ്ധ്യമങ്ങളാണ്. ഒരു വാർത്തയുടെ ഉറവിടമെന്താണെന്നോ, സത്യമെന്താണെന്നോ ഒന്നും പരിശോധിക്കാനുള്ള ക്ഷമയില്ലാതായിരിക്കുകയാണ് മാദ്ധ്യമങ്ങൾക്ക്. വകുപ്പിന് കുറിച്ച് ഒരു ധാരണയുമില്ലാത്ത മന്ത്രിയാണ് എ.കെ ശശീന്ദ്രൻ. അങ്ങനെയൊരാളെ വകുപ്പിൽ വച്ച് കാര്യങ്ങളൊക്കെ സിപിഎമ്മിന് നടത്തണം. അതിനുള്ള ശ്രമമാണ് നടക്കുന്നത്. തോമസ് കെ. തോമസിനെ മന്ത്രിയാക്കിയാൽ അദ്ദേഹം അതുപോലെ സമ്മതിച്ച് കൊടുക്കുമെന്ന് ഉറപ്പില്ലെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. തങ്ങൾക്ക് ഇതുമായി യാതൊരുവിധ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.