ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയായ കിഴക്കൻ ലഡാക്കിലെ സേന പിൻമാറ്റം ആരംഭിച്ചു. തര്‍ക്കം ആരംഭിച്ച പാംഗോങ് തടാകത്തിന് സമീപത്തുള്ള ഡെപ്‌സാങ്ങ്, ഡെംചോക്ക് മേഖലകളിലെ താൽക്കാലിക സൈനിക ടെന്റുകൾ ഇരുരാജ്യങ്ങളും നീക്കം ചെയ്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. സേനാ പിൻമാറ്റം പൂർത്തിയാകാൻ സമയമെടുക്കും. ഇതിന്റെ പുരോഗതി ഇരുപക്ഷവും സംയുക്തമായി വിലയിരുത്തും. എന്നാൽ അതിർത്തിയിലെ പട്രോളിംഗ് ഉടൻ ആരംഭിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരണാണ് സൈനിക പിൻമാറ്റം നടക്കുന്നത്. 2020ൽ ഗാൽവൻ സംഘർഷത്തെ തുടർന്നായിരുന്ന ഇരുസൈന്യവും പട്രോളിങ് നിർത്തിവച്ചത്. ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ ആക്രമിച്ച സംഭവത്തിനു പിന്നാലെയായിരുന്നു ഇത്. 20ഓളം ഇന്ത്യൻ ജവാന്മാർ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു.
അതിർത്തിയിലെ സൈനിക സംഘർഷം അവസാനിപ്പിച്ച് പട്രോളിംഗ് പുനരാരംഭിക്കാനുള്ള കരാറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.