പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തീരുമാനം റദ്ദാക്കി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ്. കോൺഗ്രസുമായുള്ള ഭിന്നതയെ തുടർന്ന് തുറന്ന പോരാട്ടത്തിനിറങ്ങിയ ഷാനിബ്, പാലക്കാട് മത്സരിക്കുമെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന മുൻ കോൺഗ്രസ് പ്രവർത്തകൻ ഡോ. പി. സരിനുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു ഷാനിബ്.
ഇടതിനായി സരിനും കോൺഗ്രസിനായി രാഹുൽ മാങ്കൂട്ടത്തിലും ബിജെപിക്കായി സി. കൃഷ്ണകുമാറും മത്സരിക്കുന്ന പാലക്കാട് കോൺഗ്രസ് വിമതനായി ഷാനിബ് കൂടി മത്സരിച്ചാൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കപ്പെടുമെന്നും ഇത് ബിജെപിയുടെ വിജയത്തിന് കാരണമാകുമെന്നും അതിനാൽ മത്സരത്തിൽ നിന്ന് പിന്മാറണമെന്നും സരിൻ അഭ്യർത്ഥിച്ചിരുന്നു. നിലവിൽ സിപിഎം പാളയത്തിൽ നിൽക്കുന്ന സരിന്റെ ഉപദേശം ഫലം കണ്ടു. സരിൻ ആവശ്യപ്പെട്ട കാര്യം അക്ഷരംപ്രതി അനുസരിച്ചിരിക്കുകയാണ് ഷാനിബ്. ഇലക്ഷനിൽ നിന്ന് പിന്മാറുന്നതിന് പുറമേ സരിന്റെ പ്രചാരണങ്ങൾക്കായി എല്ലാവിധ പിന്തുണയും നൽകുമെന്നും ഷാനിബ് വ്യക്തമാക്കി.
വി.ഡി സതീശനെയും ബിജെപിയേയുമാണ് താൻ എതിർക്കുന്നതെന്ന് ആവർത്തിച്ച് പറഞ്ഞ ഷാനിബ്, മതേതര വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതെന്ന് വ്യക്തമാക്കി. പി. സരിന് പിന്തുണ നൽകുമെന്നും അത് കോൺഗ്രസിനെ നന്നാക്കാൻ വേണ്ടിയാണെന്നും ഷാനിബ് കൂട്ടിച്ചേർത്തു.
സരിനായി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച ഷാനിബ്, തത്കാലം സിപിഎമ്മിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടും അറിയിച്ചു.
വിഡി സതീശനും ഷാഫി പറമ്പിലും ചേർന്ന് കോൺഗ്രസിനെ ഹൈജാക്ക് ചെയ്തുവെന്നും ഇവരെ പാഠം പഠിപ്പിക്കാൻ പാലക്കാട് മത്സരിക്കുമെന്നുമായിരുന്നു ഷാനിബിന്റെ ആദ്യ വാദം. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം സരിനെ ചൊടിപ്പിച്ചതിന് സമാനമായി ഷാനിബിനെയും പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ഷാനിബിന്റെ തീരുമാനം. എന്നാൽ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഷാനിബിനെ ഇടത് സ്ഥാനാർത്ഥി സരിൻ കാണുകയായിരുന്നു. ഷാനിബിന്റെ സ്ഥാനാർത്ഥിത്വം ബിജെപിയെ സഹായിക്കുമെന്നും ഇത് പാലക്കാട്ടെ ബിജെപിയുടെ വിജയത്തിലേക്ക് വഴിവയ്‌ക്കുമെന്നുമുള്ള സരിന്റെ വാക്കുകളാണ് ഷാനിബിനെ പിന്നോട്ട് വലിച്ചത്.