കൊച്ചി: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ ജീവിയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് ഹൈക്കോടതി വിമർശിച്ചു. ആനകളുടെ ദുരിതവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.
തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും അല്ലെങ്കിൽ തിമിംഗലത്തിനെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനേയെന്നും കോടതി പറഞ്ഞു. തിമിംഗലത്തെ എഴുന്നള്ളിക്കാൻ ആകുമായിരുന്നുവെങ്കിൽ ആനകൾ പുറത്തായേനെ. കാലുകൾ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകൾ നിൽക്കുന്നത്. നിന്ന് തിരിയാൻ ഇടമില്ലാത്ത സ്ഥലത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളത്ത്. ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണ്. ആനകൾ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശിയാണെന്നും ഹൈക്കോടതി പറഞ്ഞു. ക്ഷേത്രക്കമ്മിറ്റികൾ തമ്മിലുള്ള വൈരമാണ് ആനകളുടെ എഴുന്നള്ളത്തിന് പിന്നിലെന്നും കോടതി നിരീക്ഷിച്ചു.