ആപ്പിൾ ഐഫോൺ 16-ന് വിലക്കേർപ്പെടുത്തി ഇന്തോനേഷ്യ. വാങ്ങുന്നതിനും വിൽക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. ഐഫോൺ 16 പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇന്തോനേഷ്യയിലെ വ്യവസായ മന്ത്രി അഗസ് ഗുമിവാങ് കർതാസസ്മിത അറിയിച്ചു.
നേരത്തെ വാഗ്ദാനം ചെയ്ത നിക്ഷേപ തുക കൃത്യമായി നൽകാത്തതാണ് ഇന്തോനേഷ്യയെ ചൊടിപ്പിച്ചതും വിചിത്ര തീരുമാനത്തിലേക്ക് എത്തിച്ചതും. ഐഫോൺ-16 ഉൾപ്പെടയുള്ള എല്ലാ ആപ്പിൾ ഉപകരണങ്ങൾക്കും ഇന്റർനാഷണൽ മൊബൈൽ എക്വിപ്മെന്റ് ഐഡിറ്റിറ്റി സർട്ടിഫിക്കേഷൻ (IMEI) നൽകിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ഈ സർട്ടിഫിക്കേഷൻ ലഭിച്ചാൽ മാത്രമേ വിൽക്കാൻ സാധിക്കൂ.
ഇന്തോനേഷ്യയിൽ 109 മില്യൺ ഡോളർ രൂപയുടെ നിക്ഷേപം നടത്തുമെന്നായിരുന്നു ആപ്പിളിന്റെ വാഗ്ദാനം. 14.75 മില്യൺ ഡോളർ ഇനിയും നിക്ഷേപിക്കേണ്ടതുണ്ട്. പ്രതിബദ്ധതകൾ പാലിക്കപ്പെടാത്തതിനാൽ വ്യവസായ മന്ത്രാലയം ഐഫോൺ 16-ന് പെർമിറ്റുകൾ നൽകിയിട്ടില്ലെന്ന് കർത്താസസ്മിത വ്യക്തമാക്കി.
40 ശതമാനം ഘടകങ്ങൾ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങൾ മാത്രമാണ് ഇന്തോനേഷ്യയിൽ വിൽക്കാൻ സാധിക്കൂ. ഡൊമസ്റ്റിക് കോംപോണൻ്റ് ലെവൽ- TKDN സർട്ടിഫിക്കേഷൻ എന്നാണ് ഇതിന് പറയുന്നത്. ‘ആപ്പിൾ അക്കാദമികൾ’ എന്നറിയപ്പെടുന്ന ഗവേഷണ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ആപ്പിളിന്റെ ലക്ഷ്യത്തിനും ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്. TKDN സർട്ടിഫിക്കേഷൻ ആപ്പിൽ പുതുക്കിയിട്ടില്ലെന്നും അതിനാൽ തന്നെ ഐഫോൺ 16-ന്റെ വിൽപന അനുവദിക്കില്ലെന്നും മന്ത്രി ഈ മാസം ആദ്യം അറിയിച്ചിരുന്നു. ഇതും ആപ്പിളിന് തിരിച്ചടിയായിരിക്കുകയാണ്.