പ്രയാഗ്‌രാജ് : യു പി ഉപതെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും സമാജ്‌വാദി പാർട്ടിക്ക് മുന്നിൽ അടിയറ വെച്ച നേതൃത്വത്തിന്റെ നടപടിക്കെതിരെ കീഴ് ഘടകങ്ങളിൽ അമർഷം പുകയുന്നു. ഇതിനെ തുടർന്ന് ഉത്തർപ്രദേശ് കോൺഗ്രസ് പ്രയാഗ്‌രാജ് (ഗംഗാപർ) യൂണിറ്റ് മേധാവി സുരേഷ് ചന്ദ്ര യാദവ് ഫുൽപൂർ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി നാമനിർദേശ പത്രിക സമർപ്പിച്ചു.
ഈ വർഷമാദ്യം ബി.ജെ.പി എം.എൽ.എ പ്രവീൺ പട്ടേൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പ്രയാഗ്‌രാജ് ജില്ലയിലെ ഫുൽപൂർ നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
ഇതും വായിക്കുക
സംസ്ഥാനത്തെ ഒമ്പത് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും എസ്പിയുടെ വിജയം ഉറപ്പാക്കാൻ ഉപാധികളില്ലാതെ പ്രവർത്തിക്കുമെന്നും കോൺഗ്രസ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. എല്ലാ ഇൻഡി സ്ഥാനാർത്ഥികളും തന്റെ പാർട്ടിയുടെ ‘സൈക്കിൾ’ തിരഞ്ഞെടുപ്പ് ചിഹ്നത്തിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനു തിന്നോട്ടുപിന്നാലെയാണ് കോൺഗ്രസിന്റെ ഈ കീഴടങ്ങൽ.
ഇതിൽ പ്രതിഷേധിച്ചാണ് ഡി സി സി പ്രസിഡന്റായ യാദവ് വ്യാഴാഴ്ച സ്വതന്ത്രനായി ജില്ലാ കളക്‌ട്രേറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി ഫുൽപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ ബ്ലോക്ക് സ്ഥാനാർത്ഥിക്കെതിരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് സുരേഷ് ചന്ദ്ര യാദവിനെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഉടൻ പ്രാബല്യത്തോടെ നീക്കം ചെയ്തതായി സംസ്ഥാന കോൺഗ്രസ് കമ്മിറ്റി. പ്രസിഡൻ്റ് അജയ് റായ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആയിരുന്നു. വോട്ടെടുപ്പ് നവംബർ 13 നും ഫലം നവംബർ 23 നും പ്രഖ്യാപിക്കും.















