മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജന ചർച്ചയിൽ അന്തിമ തീരുമാനമാകാത്തതിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പാർട്ടി അജണ്ടകൾ കൃത്യമായി അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, അർഹതയുള്ളതിലും കുറവ് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചതെന്നും കോൺഗ്രസ് ആസ്ഥാനത്ത് നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
സീറ്റ് വിഭജനത്തിൽ എത്രയും വേഗം തീരുമാനങ്ങൾ എടുക്കുന്നതിനായി ശിവസേന ഉദ്ധവ് പക്ഷം നേതാക്കളെ കാണാൻ നിയമസഭാ കക്ഷി അദ്ധ്യക്ഷൻ ബാലാസാഹബ് തോറട്ടിന് രാഹുൽ നിർദേശം നൽകി. മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് രാഹുൽ തന്റെ അതൃപ്തി പരസ്യപ്പെടുത്തിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.
പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നഷ്ടപ്പെട്ടു എന്നതിന് പുറമെ, വിജയസാധ്യതയുള്ള ഉറച്ച സീറ്റുകൾ നഷ്ടപ്പെടുത്തി എന്നതിലാണ് രാഹുൽ കൂടുതൽ അതൃപ്തി അറിയിച്ചതെന്നാണ് വിവരം. മഹാരാഷ്‌ട്രയ്‌ക്ക് പുറമെ ജാർഖണ്ഡ് സീറ്റ് വിഭജനത്തിലും രാഹുൽ സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. നിലവിൽ മുംബൈ, വിദർഭ മേഖലകളിലെ നിരവധി സീറ്റുകളുടെ കാര്യത്തിൽ ഇപ്പോഴും ശിവസേനയും കോൺഗ്രസും തർക്കം തുടരുകയാണ്.
കോൺഗ്രസ്, ശിവസേന ഉദ്ധവ് പക്ഷം, എൻസിപി എന്നിവർ 85 സീറ്റുകളിൽ വീതം മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രാഹുൽ രൂക്ഷ വിമർശനം ഉയർത്തിയത്. 33 സീറ്റുകളുടെ കാര്യത്തിലാണ് ഇനി അന്തിമ തീരുമാനത്തിൽ എത്താനുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കോൺഗ്രസിന് സാധിച്ചുവെന്നും, അതിനാൽ കൂടുതൽ സീറ്റുകൾക്ക് അർഹത ഉണ്ടെന്നുമുള്ള നിലപാടും രാഹുൽ യോഗത്തിൽ ആവർത്തിച്ചിട്ടുണ്ട്.















