പാലക്കാട്: ‘ പട്ടി’ പദപ്രയോഗത്തിൽ ഉറച്ചുനിന്ന് സിപിഎം നേതാവും മുൻ എംപിയുമായ എൻ. എൻ കൃഷ്ണദാസ്. അബദ്ധത്തിൽ പൊട്ടിത്തെറിച്ചതല്ലെന്നും ബോധപൂർവ്വം പറഞ്ഞതാണെന്നും എൻ എൻ കൃ്ണദാസ് പറഞ്ഞു. പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്നുവെന്നും സിപിഎം സംസ്ഥാന സമിതിയിലെ മുതിർന്ന അംഗം കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
” മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ചത് അബദ്ധത്തിലല്ല. നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന ഉത്തമ ബോധ്യം എനിക്കുണ്ടായിരുന്നു. എൽഡിഎഫിലെ ഒരാൾക്ക് ചെറിയൊരു വിഷമമുണ്ടായി. അദ്ദേഹം അത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഇത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ല.
ഇതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകരും മറ്റ് രാഷ്‌ട്രീയ പാർട്ടികളും ഷുക്കൂറിന്റെ വീടിന് മുന്നിൽ കാത്തുകെട്ടി കിടക്കുന്നത് കണ്ടപ്പോൾ അറപ്പ് തോന്നി. ഇറച്ചിക്കടയിൽ കാത്തു നിൽക്കുന്ന പട്ടി എന്ന ഉദാഹരണമാണ് ആ സമയത്ത് എനിക്ക് പറയാൻ തോന്നിയത്. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു.”- എൻ എൻ കൃഷ്ണദാസ് പറഞ്ഞു.
പാർട്ടിയെന്നത് കമ്യൂണിസ്റ്റുകാർക്ക് അമ്മയെ പോലെയാണ്. കുട്ടികൾ ചിലപ്പോൾ അമ്മയുമായി വഴക്കിടും. അത് കഴിഞ്ഞ് അമ്മയുടെ അടുത്തേക്ക് തന്നെ തിരിച്ചെത്തും. ഷുക്കൂർ പാർട്ടിയിലേക്ക് തിരിച്ചെത്തിയതും അങ്ങനെയാണെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
ഇന്നലെയാണ് പാലക്കാട് സിപിഎം ഏരിയ കമ്മിറ്റി അംഗമായ അബ്ദുൾ ഷുക്കൂർ പാർട്ടി വിടുകയാണെന്ന തരത്തിൽ പോസ്റ്റ് പങ്കുവച്ചത്. സിപിഎമ്മിൽ നിന്നും നേരിടുന്ന മാനസിക പീഡനങ്ങളെ തുടർന്ന് പാർട്ടി വിടുന്നുവെന്ന തരത്തിലായിരുന്നു മിക്ക പോസ്റ്റുകളും. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങൾക്ക് നേരെയായിരുന്നു കൃഷ്ണദാസിന്റെ അസഭ്യവർഷം. ഇതേ വിഷയത്തിൽ ഇന്നലെ രാവിലെയും കൃഷ്ണദാസ് മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ചിരുന്നു.















