തിരുവനന്തപുരം: ഭാര്യയുടെ സ്വർണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. നെയ്യാറ്റിൻകര സ്വദേശി അനന്തുവിനെയാണ് (34) പൊലീസ് പിടികൂടിയത്. വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ഭാര്യയുടെ സ്വർണം പണയം വയ്‌ക്കുകയും തുടർന്ന് ലഭിച്ച 13.5 ലക്ഷത്തിലധികം രൂപ അനന്തു കൈക്കലാക്കുകയായിരുന്നു. ഇതിനായി 52 പവൻ സ്വർണാഭരണങ്ങൾ ഇയാൾ പണയംവച്ചു. കൂടാതെ ഇനിയും പണവും സ്വത്തും വേണമെന്ന് പറഞ്ഞ് വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കി. ഒടുവിൽ ഭർത്താവിന്റെ ശല്യം സഹിക്കാനാകാതെ പൊലീസിനെ സമീപിക്കുകയായിരുന്നു യുവതി. ഇതോടെയാണ് അനന്തു നാടുവിട്ടത്.
ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്നു അനന്തു. വർക്കല സ്വദേശിനിയെ 2021 ഓഗസ്റ്റിലാണ് വിവാഹം കഴിച്ചത്. സ്വർണം പണയംവച്ച് പണം തട്ടിയതിന് പുറമേ ഇയാൾ ഭാര്യയുടെ വീടും വസ്തുവും തന്റെ പേരിലാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് തർക്കിച്ചിരുന്നു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഇതോടെ കയ്യിലുള്ള പണവുമായി മുങ്ങുകയായിരുന്നു പ്രതി.
കേരളത്തിലെ വിവിധ ജില്ലകളിൽ ഒളിച്ചുതാമസിച്ച പ്രതി ബെംഗളൂരുവിലും ഏറെ നാൾ താമസിച്ചു. ഒളിവിൽ കഴിയുന്ന അനന്തുവിനെക്കുറിച്ച് വർക്കല പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഒടുവിൽ പിടിയിലായത്.















