ന്യൂഡൽഹി: കനേഡിയൻ സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷണറെയും നയതന്ത്രജ്ഞരെയും ലക്ഷ്യമിട്ടെന്ന ആരോപണം നിരസിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ദേശീയ താൽപര്യം, അഖണ്ഡത, പരമാധികാരം എന്നിവ കണക്കിലെടുത്ത് ഇന്ത്യ സ്വീകരിച്ച നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചെറിയ ന്യൂനപക്ഷം ആളുകൾ കാനഡയിലുണ്ട്. അവർ സ്വയം ഒരു വലിയ രാഷ്‌ട്രീയ ശബ്ദമായി മാറിയിരിക്കുന്നതാണ് പ്രശ്നം. രാഷ്‌ട്രീയ ലോബികളെ രാഷ്‌ട്രീയം ഏൽപ്പിച്ചാൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് നിലവിൽ അരങ്ങേറുന്നത്. ഇത് ഇന്ത്യയെ മോശമായി ബാധിക്കില്ലെന്നും കാനഡയ്‌ക്ക് തന്നെയാണ് ഇത് ദോഷം ചെയ്യുകയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
കാനഡയിൽ സംഘടിത കുറ്റകൃത്യങ്ങളുടെ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചത് ഇന്ത്യയാണെങ്കിലും അവയെ അവഗണിക്കുകയാണ് ചെയ്തത്. അവസരം കൊടുക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും ജയശങ്കർ ആരോപിച്ചു. ട്രൂഡോ സർക്കാർ കൂടുതൽ വിവേകത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മയെ പ്രത്യേക താത്പര്യമുള്ള വ്യക്തിയെന്നാണ് കനേഡിയൻ സർക്കാർ മുദ്ര കുത്തിയത്. ഇതിന് പിന്നാലെ ഇന്ത്യ ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു. ശക്തമായി അപലപിച്ച ഇന്ത്യ കാനഡയ്‌ക്ക് തക്ക മറുപടിയും നൽകി. ആറ് കനേഡിയൻ നയതന്ത്രജ്ഞരെ രാജ്യത്ത് നിന്ന് പുറത്താക്കി.