ആഡംബര കാറുകളോട് പലർക്കും കമ്പമാണ്. ആഡംബര കാറുകളിലെ രാജാവ് ആരെന്ന് വാഹന പ്രേമികളോട് ചോദിച്ചാൽ ആദ്യത്തെ ഉത്തരം റോൾസ് റോയ്സ് എന്നാവും. ബ്രിട്ടീഷ് ഓട്ടോമൊബൈൽ നിർമ്മാതാക്കളായ റോൾസ് റോയ്‌സ് മോട്ടോർ കാർസ് ലിമിറ്റഡിന്റെ വാഹനങ്ങളെല്ലാം ആഡംബരത്തിന്റെ അവസാന വാക്കാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറുകളുടെ ലിസ്റ്റ് എടുത്താൽ അതിൽ എണ്ണത്തിൽ മുന്നിൽ റോൾസ് റോയ്സ് ആയിരിക്കും. ആ ലിസ്റ്റിലെ ഒന്നാമനും ഒരു റോൾസ് റോയ്സ് കാർ തന്നെ.
ലോകത്തിലെ ഏറ്റവും ചെലവേറിയ കാറാണ് റോൾസ് റോയ്സ് ലാ റോസ് നോയർ ഡ്രോപ്‌ടെയിൽ. 30 മില്യൺ ഡോളർ (ഏകദേശം 251 കോടി) രൂപ വില വരും ഈ ഒരു ആഡംബര വാഹനത്തിന്. റോൾസ് റോയ്‌സിന്റെ മുൻകാല ഫോർ-സീറ്റർ ലേഔട്ടിൽ നിന്ന് വ്യത്യസ്തമായി, നീക്കം ചെയ്യാവുന്ന ഹാർഡ്‌ടോപ്പുള്ള രണ്ട് സീറ്റുള്ള സൂപ്പർകാറാണ് ലാ റോസ് നോയർ. റോൾസ് റോയ്സ് ലാ റോസ് നോയർ ഡ്രോപ്പ്‌ടെയിലിൽ ഇരട്ട-ടർബോ 6.75-ലിറ്റർ വി-12 എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. 563 bhp കരുത്തും 820 Nm torque ഉം ഇത് ഉത്പാദിപ്പിക്കുന്നു. കാർബൺ, സ്റ്റീൽ, അലുമിനിയം എന്നിവ കൊണ്ടാണ് കാർ നിർമ്മിച്ചിരിക്കുന്നത്.
La Rose Noire Droptail ന് 5.3 മീറ്റർ നീളവും 2 മീറ്റർ വീതിയുമാണ്. വ്യത്യസ്ത കോണുകളിൽ നിന്ന് നോക്കുമ്പോൾ അതിന്റെ നിറം മാറുന്നു. La Rose Noire Droptail എന്ന നൂതനമായ ബോഡി പെയിൻ്റ് 150 ടെസ്റ്റുകൾക്കും ഒരു രഹസ്യ അടിത്തറയുടെ മിശ്രിതത്തിനും ശേഷമാണ് വികസിപ്പിച്ചെടുത്തത്. ഫ്രാൻസിൽ കാണപ്പെടുന്ന ബ്ലാക്ക് ബക്കറ റോസിന്റെ ഇതളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കാർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു റൊമാന്റിക് ഫീൽ നൽകുന്ന അകവും പുറവും.
ലാ റോസ് നോയർ ഡ്രോപ്‌ടെയിലിന്റെ ഇൻ്റീരിയർ വളരെ ചുരുങ്ങിയതാണ്. ഡാഷ്‌ബോർഡിന് അനുയോജ്യമായ വുഡ് ക്രാഫ്റ്റ്‌സ്‌മാൻഷിപ്പ്. സീറ്റുകൾ റോസാദളങ്ങൾ-തീമിലുള്ള പുറംഭാഗത്തെ പൂരകമാക്കാൻ കടും ചുവപ്പ് നിറത്തിലാണ്. രണ്ട് വർഷം കൊണ്ട് വികസിപ്പിച്ച ഈ സൂപ്പർ ലക്ഷ്വറി കാർ നിർമ്മാണത്തിന് ഒമ്പത് മാസമെടുത്തു.