കൊല്ലം: അഷ്ടമുടി കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇന്നലെ വൈകിട്ട് മുതലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ തുടങ്ങിയത്. ഇന്ന് രാവിലെയോടെ കൂടുതൽ മത്സ്യങ്ങൾ ചത്ത് കരയിലേക്ക് അടിയാൻ തുടങ്ങി.
ഫിഷറീസ് അധികൃതർ സ്ഥലത്തത്തി വെള്ളത്തിന്റെയും മത്സ്യങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഒക്സിജൻ ലെവലിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും പരിശോധന നടത്തിവരികയാണെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു.
കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ പലതും ആളുകൾ കായലിൽ തള്ളാറുണ്ടെന്നും ഇതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിന് കാരണമാകുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു. ഇതാദ്യമായാണ് അഷ്ടമുടി കായലിൽ ഇത്രയധികം മീനുകൾ ചത്തുപൊങ്ങുന്നതെന്നും നാട്ടുകാർ പറഞ്ഞു.