കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ അവിടുത്തെ കാഴ്ചകളും മൃഗങ്ങളുടെ കൗതുകം ഉണർത്തുന്ന പ്രവർത്തികളും സഞ്ചാരികൾ വീഡിയോയായി പകർത്താറുണ്ട്. അതിൽ പലതും മനോഹരമായ അടിക്കുറിപ്പുകളോടെ ഇൻറർനെറ്റിൽ വൈറലാകുന്നു. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രാജസ്ഥാനിലെ രൺതമ്പോർ ദേശീയോദ്യാനം സന്ദർശിച്ച ഒരു വിനോദസഞ്ചാരി പകർത്തിയ വീഡിയോ ആണിത്.
കാടിനുള്ളിലെ ഒരു പുരാതന ക്ഷേത്രത്തിന് മുന്നിൽ ഒരു കരടിയെ കണ്ടപ്പോൾ അത് വളരെ അപൂർവ്വവും കൗതുകമുണർത്തുന്നതും ആണെന്ന് മുകേഷ് ഭരദ്വാജ് എന്ന വിനോദസഞ്ചാരി തിരിച്ചറിഞ്ഞു. ഉടൻതന്നെ അത് ക്യാമറയിലും പകർത്തി. പൂട്ടിയിട്ടിരിക്കുന്ന ക്ഷേത്രത്തിന്റെ ഇരുമ്പ് ഗേറ്റ് തുറക്കാൻ ശ്രമിക്കുകയാണ് കരടി.
രൺതംബോർ നാഷണൽ പാർക്കിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. “രൺതംബോറിലെ സോൺ 10-ലെ അവിശ്വസനീയമായ സായാഹ്നം! ഇന്നത്തെ സഫാരിയിൽ, അപൂർവവും മാന്ത്രികവുമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഒരു കരടി ഒരു പുരാതന ക്ഷേത്രം സന്ദർശിക്കുന്നു. ഇത്രയും ശാന്തമായ അന്തരീക്ഷത്തിൽ ഈ പിടികിട്ടാത്ത ജീവിയുടെ കാഴ്ച അവിസ്മരണീയമായിരുന്നു. പ്രകൃതി വിസ്മയിപ്പിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ല”-എന്ന അടിക്കുറിപ്പോടെയാണ് വിനോദസഞ്ചാരി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.















