മലയാളി പ്രേക്ഷകരുടെ ജനപ്രിയ നായകൻ ദിലീപിന് പിറന്നാൾ ആശംസകളുമായി മകൾ മീനാക്ഷി. ഇൻസ്റ്റഗ്രാമിൽ ദിലീപിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മീനാക്ഷി അച്ഛന് ആശംസകൾ അറിയിച്ചത്. കാവ്യ മാധവനും ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പിറന്നാൾ ആശംസകൾ അറിയിച്ചു.
മീനാക്ഷിയുടെ പോസ്റ്റിന് പിന്നാലെ ആശംസകളറിയിച്ച് നിരവധി ആരാധകരും രംഗത്തെത്തി. കുട്ടികാലം മനോഹരമാക്കിയ ഇഷ്ടനായകന്, ജീവിത പ്രതിസന്ധികളെ ചെറുപുഞ്ചിരിയോടെ നേരിടാൻ പഠിപ്പിച്ച വഴികാട്ടിയ്‌ക്ക് പിറന്നാൾ ആശംസകൾ, നമ്മുടെ ജനപ്രിയ നായകനാണ് അദ്ദേഹം, അന്നും ഇന്നും എന്നും മലയാള സിനിമയിൽ ദിലീപേട്ടൻ മാത്രമാണ് ജനപ്രിയ നായകൻ എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളാണ് ആശംസകളോടൊപ്പം ആരാധകർ പങ്കുവക്കുന്നത്.
ദിലീപിന്റെ 57-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിന്റെ150-ാംമത് ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർപുറത്തുവിട്ടിരുന്നു. ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്. ദിലീപിനോടൊപ്പം ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.















