ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ ആയുധങ്ങളുടേയും ഉപകരണങ്ങളുടേയും കയറ്റുമതിയിൽ ബഹുദൂരം മുന്നേറി ഇന്ത്യ. നിലവിൽ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് രാജ്യത്തെ സൈനിക ആയുധങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ യുഎസും ഫ്രാൻസും അർമേനിയയുമാണ്.
രാജ്യത്തിനുള്ളിലെയും പുറത്തെയും ആവശ്യകതകൾ മുന്നിൽകണ്ട് പ്രതിരോധ ഉപകരണങ്ങളുടെ ആഭ്യന്തര ഉത്പാദനവും കയറ്റുമതിയും വർധിപ്പിക്കുന്നതിൽ പ്രതിരോധ മന്ത്രാലയം ഊന്നൽ നൽകുന്നുണ്ട്. ഇന്ത്യൻ കമ്പനികളിൽ നിർമ്മിച്ച വിമാനങ്ങൾ, ഹെലികോപ്റ്റർ എന്നിവയുടെ ഭാഗങ്ങളാണ് കൂടുതലായും അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഉൾപ്പെടുന്നത്. ആഗോള പ്രതിരോധ കമ്പനികളായ ലോക്ക്ഹീഡ് മാർട്ടിൻ, ബോയിംഗ് തുടങ്ങിയ കമ്പനികളാണ് ഇവയുടെ പ്രധാന ആവശ്യക്കാർ.
ഫ്രാൻസിലേക്ക് അയക്കുന്നത് സോഫ്റ്റ് വെയറുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ്. അതേസമയം ATAGS പീരങ്കികൾ, പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനം, ആയുധങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന സ്വാതി റാഡറുകൾ മുതാലായവയാണ് അർമേനിയയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
2014 -15 കാലയളവുമുതൽ രാജ്യത്തെ ഉത്പാദന മൂല്യം ഗണ്യമായി വർധിച്ചുവെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2014 -15 കാലയളവിൽ ഇന്ത്യൻ കമ്പനികൾ 46,429 കോടിയുടെ ഉപകരണങ്ങളും ആയുധങ്ങളുമാണ് നിർമ്മിച്ചിരുന്നതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 1,27,265 കോടിയായി വർധിച്ചു. ഇതിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം 21 ശതമാനമാണ്. LCA ഫൈറ്റർ ജെറ്റ്സ്, വിമാന വാഹിനികൾ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, ധനുഷ് ആർട്ടിലറി ഗൺ സിസ്റ്റം, ആയുധങ്ങളെ കണ്ടെത്തുന്ന റഡാറുകൾ, ആകാശ് മിസൈൽ സിസ്റ്റം എന്നിങ്ങനെയുള്ള പ്രതിരോധ ഉപകരണങ്ങളാണ് രാജ്യത്തുതന്നെ ഉത്‌പാദിപ്പിക്കുന്നത്.