നാലുമാസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ജില്ലാ മജിസ്ട്രേറ്റിന്റെ വീടിന് സമീപത്ത് മറവ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരും ഉൾപ്പടെയുള്ളവർ താമസിക്കുന്നയിടത്താണ് മൃതദേഹം കണ്ടെത്തുന്നത്. ഇത് പൊലീസിനെയും ഞെട്ടിച്ചു. പ്രതിയായ ജിം ട്രെയിനറെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് ദൃശ്യം മോഡൽ കൊലയുടെ ചുരുളഴിഞ്ഞത്. യുപി കാൺപൂരിലായിരുന്നു നടുക്കുന്ന സംഭവം. വിമൽ സോണിയാണ് പ്രതി. കാെല്ലപ്പെട്ടത് ബിസിനസുകാരന്റെ ഭാര്യയായ ഏക്ത. ജൂൺ 24 മുതലാണ് യുവതിയെ കാണാതായത്. ഭർത്താവാണ് പരാതി നൽകിയത്.
ഫോൺ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങൾ വെളിപ്പെട്ടത്. ജിമ്മിലെ അംഗമായിരുന്ന ഏക്ത വിമലുമായി വിവാഹേതര ബന്ധം പുലർത്തുകയായിരുന്നു. ഇതിനിടെ യുവാവിന്റെ വിവാഹം നിശ്ചയിച്ചു. 20 ദിവസത്തിന് ശേഷം ജിമ്മിലെത്തിയ യുവതി ഇത് എതിർത്തത് തർക്കത്തിന് വഴിവച്ചു.
ജിമ്മിലെത്തിയ ഇരുവരും കാറിൽ പുറത്തുപോയി തർക്കം മൂർച്ഛിച്ചതോടെ യുവതിയെ കഴുത്ത് ഞെരിച്ച് കാെലപ്പെടുത്തുകയായിരുന്നു.യുവതി ജിമ്മിലെത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ശേഷം മൃതദേഹം വിഐപി ഏരിയയിൽ കൊണ്ടുപോയി കുഴിച്ചിട്ടു. അതീവ സുരക്ഷാ മേഖലയിൽ യുവതിയുടെ മൃതദേഹം എങ്ങനെ മറവ് ചെയ്തു എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഫോൺ ഉപയോഗിക്കാതിരുന്ന പ്രതിയെ ഏറെ പണിപ്പെട്ടാണ് പൊലീസ് വലയിലാക്കിയത്.