ന്യൂഡൽഹി: അയൺമാൻ ട്രയാത്ത്‌ലോൺ പൂർത്തിയാക്കുന്ന ആദ്യ പാർലമെൻ്റ് അംഗമായി ലോക്‌സഭാ എംപി തേജസ്വി സൂര്യ. 2022 ൽ 90 കിലോമീറ്റർ സൈക്ലിംഗ് സെഗ്‌മെൻ്റ് പൂർത്തിയാക്കിയ റിലേ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇത്തവണ 8 മണിക്കൂർ 27 മിനിറ്റ് 32 സെക്കന്റിൽ അദ്ദേഹം മുഴുവൻ ദൂരവും പൂർത്തിയാക്കി. 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ ബൈക്ക് സവാരി, 21.1 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ ആകെ 113 കിലോമീറ്റർ ഉള്ള ദൗത്യമാണ് അയൺമാൻ 70.3 ട്രയാത്ത്‌ലോൺ.
“കഴിഞ്ഞ നാല് മാസമായി ഞാൻ എന്റെ ഫിറ്റ്നസ് മെച്ചപ്പെടുത്തൽ കഠിനമായി പരിശീലിച്ചു. അതിന്റെ ഫലമായി ഈ ചലഞ്ച് ഞാൻ പൂർത്തിയാക്കിയ വിവരം പങ്കിടുന്നതിൽ സന്തോഷമുണ്ട്!” തേജസ്വി സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
തന്റെ ശ്രമങ്ങൾക്ക് പ്രചോദനമായത് ഫിറ്റ് ഇന്ത്യ മൂവ്മെന്റാണെന്ന് അദ്ദേഹം പറഞ്ഞു. ഫിറ്റ്നസിലേക്കുള്ള തന്റെ യാത്രയിൽ ജീവിതത്തിൽ അച്ചടക്കവും ആത്മവിശ്വാസവും കൈവന്നതായും തേജസ്വി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും മറ്റ് നിരവധി നേതാക്കളും തേജസ്വി സൂര്യയുടെ നേട്ടത്തെ അഭിനന്ദിച്ചു. “അഭിനന്ദനാർഹമായ നേട്ടം! ഇത് കൂടുതൽ യുവാക്കളെ ഫിറ്റ്നസ് യാത്രയിലേക്ക് നയിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്,” പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
അയൺമാൻ 70.3 ഗോവയുടെ നാലാം എഡിഷൻ ടെന്നീസ് ഇതിഹാസവും റേസ് അംബാസഡറുമായ ലിയാണ്ടർ പേസാണ് ഫ്ളാഗ്ഓഫ് ചെയ്തത്. ഏകദേശം 1200 ലധികം പേർ ചലഞ്ചിൽ പങ്കെടുത്തു. മുൻ അയൺമാൻ ചാമ്പ്യൻ ഇന്ത്യൻ ആർമിയുടെ ബിശ്വർജിത് സായ്ഖോം 4 മണിക്കൂർ 32 മിനിറ്റ് 4 സെക്കൻഡ് എന്ന വ്യക്തിഗത മികച്ച സമയവുമായി പുരുഷ വിഭാഗത്തിൽ ഒന്നാമതെത്തി. വനിതാ വിഭാഗത്തിൽ 5 മണിക്കൂർ 22 മിനിറ്റ് 50 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഈജിപ്തിന്റെ യാസ്മിൻ ഹലവ ഒന്നാം സ്ഥാനം കരസ്ഥമാക്കി.