കൊൽക്കത്ത: ബംഗാളിൽ സിപിഎം നേതാവിനെതിരെ ലൈംഗിക പീഡന ആരോപണവുമായി മാദ്ധ്യമപ്രവർത്തക. സിപിഎം നേതാവ് തൻമോയ് ഭട്ടാചാര്യയ്‌ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അഭിമുഖം നടത്താനെത്തിയപ്പോൾ തൻമോയ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. അഭിമുഖം നടത്താൻ എത്തിയപ്പോൾ തൻമോയ് തന്റെ മടിയിൽ കയറിയിരുന്നതായി ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഇവർ ആരോപിച്ചു.
തൻമോയിയുടെ വീട്ടിൽ നിന്ന് നേരത്തെയും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും, ഭയന്നിട്ടാണ് ഈ വിവരം പുറത്ത് പറയാതിരുന്നതെന്നും ഇവർ പറയുന്നു. ആളുകളെ അനാവശ്യമായി തൊടുന്ന പ്രവണത തൻമോയിക്കുണ്ടെന്നും, മോശമായി സ്പർശിച്ചിട്ടുണ്ടെന്നുമാണ് മാദ്ധ്യമപ്രവർത്തക പറഞ്ഞത്. എന്നാൽ ഇക്കുറി സംഭവിച്ചത് അതിനെക്കാളുമെല്ലാം വലുതായ കാര്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
” അഭിമുഖത്തിന് വേണ്ടിയാണ് അയാളുടെ വീട്ടിൽ ചെല്ലുന്നത്. ഫെയ്രിം സെറ്റ് ചെയ്യുന്നതിന് വേണ്ടി ക്യാമറാമാൻ ഒരു പ്രത്യേക സ്ഥലത്ത് ഇരിക്കാൻ ആവശ്യപ്പെട്ടു. ഇത് അയാൾ മുതലെടുത്തു. ഞാൻ എവിടെ ഇരിക്കും എന്ന് ചോദിച്ചാണ് എന്റെ മടിയിൽ വന്നിരുന്നത്. സിപിഎം ഈ കാര്യത്തിൽ നടപടി എടുക്കുമോ എന്ന് എനിക്ക് അറിയില്ല. ചില ആളുകൾ ഇങ്ങനെയാണ്. അവരുടെ വ്യക്തിത്വത്തിന്റെ പ്രശ്‌നമാണിതെന്ന് തനിക്ക് മനസിലായെന്നും” മാദ്ധ്യമ പ്രവർത്തക പറയുന്നു.
അതേസമയം വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ തൻമോയിക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ആർജി കാർ വിഷയത്തിലുൾപ്പെടെ സംസ്ഥാനത്ത് സമരം തുടരുന്ന സാഹചര്യത്തിൽ മാദ്ധ്യമപ്രവർത്തകയ്‌ക്കുണ്ടായ ദുരനുഭവത്തിൽ കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെയാണ് തൻമോയിയെ സസ്‌പെൻഡ് ചെയ്യുമെന്നും, പാർട്ടി ആഭ്യന്തര അന്വേഷണം നടത്തുമെന്നും നേതൃത്വം അറിയിച്ചത്.















