ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ പോരാട്ടം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. അത് അദ്ദേഹത്തിന്റെ മൂല്യമാണെന്നും സെലൻസ്‌കി പ്രശംസിച്ചു. യുക്രെയ്ൻ-റഷ്യ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യസ്ഥത വഹിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വലിയ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചാൽ അതിന് സാധിക്കും. ഒരുപക്ഷേ അത് ഇന്ത്യയിൽ വച്ചാകാം. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത് ചെയ്യുവാൻ സാധിക്കും. പക്ഷേ ഇതിനായി ഞങ്ങളും തയ്യാറാകേണ്ടതുണ്ടെന്നാണ് കരുതുന്നത്. യുദ്ധം ഈ നാട്ടിലാണ് നടക്കുന്നതെന്നും” സെലൻസ്‌കി വ്യക്തമാക്കി. ഡോൺബാസ് മേഖലയിലുൾപ്പെടെ റഷ്യൻ സൈന്യം നടത്തിയ മുന്നേറ്റം യുക്രെയ്‌ന് മുന്നിൽ വലിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്.
യുഎസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉൾപ്പെടെ വലിയ പ്രതിസന്ധിയായി യുക്രെയ്‌ന് മുന്നിലുണ്ട്. ട്രംപ് വിജയിച്ചാൽ യുക്രെയ്‌നുള്ള സൈനിക സഹായം ഉൾപ്പെടെ നിർത്തലാകുമെന്ന സൂചനകളുണ്ട്. യുക്രെയ്‌ന് ഏറ്റവും വലിയ സൈനിക സഹായം ലഭിക്കുന്നത് യുഎസിൽ നിന്നാണ്. യുക്രെയ്ൻ ജനതയ്‌ക്കെതിരായ യുദ്ധത്തിൽ റഷ്യയ്‌ക്കെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും സെലൻസ്‌കി വ്യക്തമാക്കി. റഷ്യയിൽ അടുത്തിടെ നടന്ന ബ്രിക്‌സ് ഉച്ചകോടി പരാജയമാണെന്നും സൗദി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ലെന്നും സെലൻസ്‌കി ആരോപിച്ചു.















