കോട്ടയം: ഇടത്- വലത് മുന്നണികൾക്ക് കത്തോലിക്കാ സഭ മുഖപത്രത്തിന്റെ രൂക്ഷ വിമർശനം. വഖഫ് വിഷയത്തിൽ ഇരുമുന്നണികളും കാണിക്കുന്ന ഇരട്ടത്താപ്പാണ് ദീപികയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ആധാരം. ‘മുനമ്പം ഇരകളും പറയും രാഷ്‌ട്രീയം’ എന്ന തലക്കെട്ടൊടൊണ് ലേഖനം.
” വഖഫ് അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന മുനമ്പം ഇരകളെ ഇരു മുന്നണികളും പിന്നിൽ നിന്ന് കുത്തി. മുനമ്പത്ത് നീതി നടപ്പാക്കും എന്ന് പറഞ്ഞവർ തിരുവനന്തപുരത്തെത്തി വഖഫിൽ തൊടരുതെന്ന് പ്രമേയം പാസാക്കി. ശരിയത്ത് വാഴ്ച ഉറപ്പാക്കുന്ന വഖഫ് നിയമം നെഞ്ചോടു ചേർത്തുവച്ചുകൊണ്ട് അതിന്റെ ഇരകളെ രക്ഷിക്കാമെന്നു വ്യാമോഹിപ്പിക്കുന്ന ചതി കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞു.
മുനമ്പത്തെ കണ്ണീർ ഏതാനും കൂടുംബങ്ങളുടേതു മാത്രമല്ല, ഈ രാജ്യത്തു പലയിടത്തും സംഭവിച്ചുകഴിഞ്ഞ ദുരന്തത്തിന്റെ മലയാള പാഠമാണ്. മുനന്പത്തെ മനുഷ്യർ തനിച്ചാകില്ല. കോൺഗ്രസിന്റെ നരസിംഹറാവു രാജ്യത്തെ ജനങ്ങൾക്ക് മേൽ കെട്ടിവെച്ച ശാപമാണ് വഖഫ്. വഖഫ് എന്ന വേതാളത്തെ തോളിലിട്ടുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ഇരകളെ ആശ്വസിപ്പിക്കുന്നത്. ഈയൊരൊറ്റ കാര്യത്തിൽ മാത്രം കോൺഗ്രസിനോട് ഇടതുപക്ഷത്തിന് എതിർപ്പില്ല.
ഇടതും വലതും ഈ നിലപാടുമായി മുന്നോട്ടു പോയാൽ ഇരകൾ അവരുടെ രാഷ്‌ട്രീയ നിലപാടും മാറ്റും. ബിജെപിക്ക് ഒപ്പം നിൽക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് രണ്ടു മുന്നണികളുമെന്നും”- മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.