കണ്ണൂർ: പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ കമ്മീഷണർ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബിജെപി സംയുക്ത മോർച്ചകളുടെ മാർച്ചിൽ സ്ത്രീകളടക്കമുള്ള പ്രവർത്തകർ പങ്കെടുത്തിരുന്നു. എസ്പി ഓഫീസിനു മുന്നിലെത്തിയ പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ഇത് സംഘർഷത്തിൽ കലാശിച്ചതോടെ പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു പൊലീസ്.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി പ്രകാശ് ബാബുവാണ് പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തത്. ഇരയോടൊപ്പവും വേട്ടക്കാരനോടൊപ്പം സിപിഎം ഓടുകയാണെന്ന് കെ.പി പ്രകാശ് ബാബു പ്രതികരിച്ചു. ദിവ്യയുടെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ട്. കേസ് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് ബിജെപി നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഡ്വ. കെ.പി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിലെ പ്രധാന റോഡ് ബിജെപി പ്രവർത്തകർ ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി. വനിതാ പ്രവർത്തകരെ അടക്കം ബലംപ്രയോഗിച്ചു നീക്കാൻ ശ്രമിച്ചു. കെപി പ്രകാശ് ബാബുവിനെ പൊലീസ് വലിച്ചിഴച്ചതോടെ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പൊലീസ് വാഹനം പ്രവർത്തകർ തടയുകയായിരുന്നു. തുടർന്ന് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുവന്ന കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനു മുന്നിൽ ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.
എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിന് ഉത്തരവാദിയായ പി.പി ദിവ്യയെ അറസ്റ്റ് ചെയ്യുക, പൊലീസ് അന്വേഷണത്തിലെ കള്ളക്കളി അവസാനിപ്പിക്കുക, നവീൻ ബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. കണ്ണൂർ ജില്ലയിലെ സംയുക്ത മോർച്ചകളുടെ നേതൃത്വത്തിൽ പൊലീസ് കമ്മീഷണർ ഓഫീസിലേക്കായിരുന്നു പ്രതിഷേധ മാർച്ച്.