തൃശൂർ: തിരുവമ്പാടി ദേവസ്വം ഓഫീസിന് സമീപത്തേക്ക് സുരേഷ് ഗോപി എത്തുന്നത് തടയാൻ പരമാവധി ശ്രമിച്ചവരാണ് പൊലീസുകാരെന്ന് ബിജെപി തൃശൂർ ജില്ല അദ്ധ്യക്ഷൻ കെ.കെ അനീഷ്കുമാർ. മറ്റ് വാഹനങ്ങൾ കടത്തിവിടാതെ വന്നതോടെയാണ് സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സുരേഷ് ഗോപി ഒരുകാരണവശാലും അവിടെ എത്തരുത്, ചർച്ച നടത്തരുത്, പൂരം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ പാടില്ല എന്ന അജണ്ട പൊലീസിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിർത്തിവച്ച പൂരം പുനരാരംഭിക്കുന്നതിന് വേണ്ടി സമവായ ചർച്ചകൾ നടത്താൻ സുരേഷ് ഗോപി അവിടെ എത്തരുതെന്ന് പൊലീസിന് നിർബന്ധമുണ്ടായിരുന്നു. ആ തടസങ്ങളെ അതിജീവിച്ചാണ് സേവാഭാരതിയുടെ ആംബുലൻസിൽ അദ്ദേഹത്തെ അവിടെയെത്തിച്ചത്.
റൗണ്ട് വരെ മറ്റൊരു വാഹനത്തിലായിരുന്നു സുരേഷ് ഗോപി എത്തിയത്. അവിടെ നിന്ന് പൊലീസ് കടത്തിവിട്ടില്ല. പൊലീസ് പരമാവധി തടസപ്പെടുത്തി. ഏതുമാർഗം ഉപയോഗിച്ചും സുരേഷ് ഗോപിയെ അവിടെയെത്തിക്കുമെന്നത് ബിജെപിയുടെ തീരുമാനമായിരുന്നു. അത് നടത്തിയത് ബിജെപിയുടെ മിടുക്കാണ്. സുരേഷ് ഗോപി ആംബുലൻസിൽ എത്തിയതിൽ ഒരു അത്‍ഭുതവുമില്ല. പൂരം കലക്കണമെന്ന് അവർ തീരുമാനിച്ചു, പൂരം നടത്തണമെന്ന് ബിജെപി തീരുമാനിച്ചുവെന്നും കെകെ അനീഷ്കുമാർ പറഞ്ഞു.















