ബെയ്‌ജിങ്: വിമാനക്കമ്പനിയിൽ ജോലിവാഗ്ദാനം ചെയ്ത് 1.5 യുവാൻ (1.77 കോടി ) തട്ടിയെടുത്ത ചൈനീസ് യുവതി പിടിയിൽ. 30 കാരിയായ ‘ഷീ ‘യാണ് രണ്ട് വർഷങ്ങൾക്ക് ശേഷം തായ്‌ലൻഡിൽ അറസ്റ്റിലാകുന്നത്. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ പലതവണ പ്ലാസ്റ്റിക് സർജറി നടത്തി രൂപവും വേഷവും മാറിയാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്.
യുവതി പതിവായി മുഖം മറയ്‌ക്കുന്നതും മാസ്ക് ധരിക്കുന്നതും ശ്രദ്ധയിൽപെട്ട അയൽവാസികൾ അനധികൃത കുടിയേറ്റക്കാരിയാണെന്ന സംശയത്തിൽ ഇമിഗ്രേഷൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് യുവതി അറസ്റ്റിലാവുന്നത്. തായ്‌ലൻഡിലെ ഇവരുടെ വിസ കാലാവധി അവസാനിച്ചതായും പൊലീസ് കണ്ടെത്തി.
ഷീ തന്റെ തട്ടിപ്പ് തുടങ്ങിയിട്ട് ഏകദേശം പത്തുവർഷത്തോളമായെന്നാണ് കണ്ടെത്തൽ. 2016-2019 കാലയളവിലാണ് കൂടുതൽ പേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. പ്രമുഖ വിമാനകമ്പനികളുമായി ബന്ധമുണ്ടെന്ന വ്യാജേന യുവതി ആളുകളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ശേഷം ഫ്ലൈറ്റ് അറ്റൻഡന്റ് ആയി ജോലി നൽകാമെന്ന് വാഗ്ദാനം നൽകി വൻ തുക കൈക്കലാക്കി. ആളുകൾ തട്ടിപ്പ് മനസിലാക്കുന്നതിനു മുൻപേ ഷീ രാജ്യം വിട്ടു.
ഷീ യെ ഉദ്യോഗസ്ഥർ അന്താരാഷ്‌ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിക്കായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായും തായ് അധികൃതർ വെളിപ്പെടുത്തി. തട്ടിപ്പ് നടത്തി സമ്പാദിച്ച പണമുപയോഗിച്ചാണ് യുവതി പ്ലാസ്റ്റിക് സർജറിയിലൂടെ രൂപമാറ്റം നടത്തിയത്. ചൈനയ്‌ക്ക് കൈമാറും മുൻപ് തായ് വിസ നിയമ ലംഘനത്തിനുൾപ്പെടെയുള്ള കേസുകൾ പ്രതിക്കെതിരെ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.















