അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്താൻ യുപി സർക്കാർ. സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും. പരിസ്ഥിതി സൗഹൃദ ദീപങ്ങളാകും തെളിക്കുക. കരിയും കറയും പിടിക്കാതെ ക്ഷേത്ര ഘടനയെ സംരക്ഷിക്കുന്ന തരത്തിലും ദീർഘ നേരം കെടാതെ കത്തുന്ന തരത്തിലുമാണ് ദീപങ്ങളുടെ നിർമാണം. ഒരു ലോക റെക്കോർഡും ലക്ഷ്യം വയ്‌ക്കുന്നുണ്ട്. 95 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. 10,000 പേർ ആഘോഷങ്ങളിൽ പങ്കെടുക്കും. ഭക്തർക്ക് ആഘോഷങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കും.
പരിസ്ഥിതി സംരക്ഷണത്തിന് പ്രധാന്യം നൽകിയാണ് ദീപോത്സവം ഒരുക്കുന്നത്. കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിന് തനതായ മെഴുക് വിളക്കുകൾ ഉപയോഗിക്കും. രാമക്ഷേത്ര അങ്കണത്തിൽ വിവിധയിടങ്ങളിൽ പ്രത്യേക രീതയിൽ പുഷ്പാലങ്കാരങ്ങൾ ഉണ്ടായിരിക്കും. ഒരോ വിഭാഗങ്ങളാക്കി തിരിച്ച് ഇതിന്റെ ചുമതല നൽകിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു.
ദീപാലങ്കാരം, പ്രവേശന കവാടത്തിന്റെ അലങ്കാരം, സമഗ്രമായ ശുചീകരണം എന്നിവയുടെ മേൽനോട്ടം ബീഹാർ കേഡറിൽ നിന്ന് വിരമിച്ച ഐജി അഷു ശുക്ലയ്‌ക്കാണ് നൽകിയിരിക്കുന്നത്. ദീപാവലി ആഘോഷത്തിൽ അയോദ്ധ്യയെ ഭക്തിയുടെയും ആത്മീയതയുടെയും കേന്ദ്രം എന്നതിലുപരി ശുചിത്വത്തിന്റെയും പരിസ്ഥിതി അവബോധത്തിന്റെയും മാതൃകയാക്കി മാറ്റാനാണ് ക്ഷേത്ര ട്രസ്റ്റ് പദ്ധതിയിടുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.