ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള അറുപതോളം വിമാന സർവീസുകൾക്കാണ് തിങ്കളാഴ്ച മാത്രം ബോംബ് ഭീഷണിയുണ്ടായത്. 15 ദിവസത്തിനിടെ 410 ആഭ്യന്തര-അന്തർദേശീയ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണിയുണ്ടായി. ഈ ഭീഷണികളിൽ ഭൂരിഭാഗവും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണെന്നതും ശ്രദ്ധേയമാണ്. ഇത് പലപ്പോഴും വ്യോമയാന, സർക്കാർ അധികാരികളെ ദ്രുതഗതിയിലുള്ള നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുകയാണ്.
തിങ്കളാഴ്ച മാത്രം എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും 21 വിമാനങ്ങൾക്കും 20 വിസ്താര വിമാനങ്ങൾക്കും ബോംബ് ഭീഷണി ലഭിച്ചതായി ആഭ്യന്തര വൃത്തങ്ങൾ അറിയിച്ചു. വ്യാജ ഭീഷണികൾ ക്രമാതീതമായി വർദ്ധിച്ചതിനാൽ , ജാഗ്രത പാലിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി. ഐടി നിയമങ്ങൾ പ്രകാരം നിർദേശിച്ചിട്ടുള്ള സമയക്രമങ്ങൾ പാലിച്ചുകൊണ്ട്, പ്ലാറ്റ്‌ഫോമുകൾ തെറ്റായ വിവരങ്ങളിലേക്കുള്ള ആക്‌സസ് വേഗത്തിൽ നീക്കംചെയ്യുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യണം.
സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ, സിവിൽ ഏവിയേഷൻ മന്ത്രാലയവും ഭീഷണി തടയുന്നതിനുള്ള നിയമനിർമ്മാണത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. വ്യാജ ബോംബ് ഭീഷണികൾക്ക് ഉത്തരവാദികളായ വ്യക്തികൾക്ക് വിമാനത്തിൽ യാത്ര വിലക്ക് ഏർപ്പെടുത്താനുള്ള നടപടികൾ സർക്കാർ പരിശോധിച്ച് വരികയാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു പറഞ്ഞു.