ന്യൂഡൽഹി: ധന്വന്തരി ജയന്തിയും ദേശീയ ആയുർവേദ ദിനത്തോടുമനുബന്ധിച്ച് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിലാണ് പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുന്നത്.
ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിൽ, 70 വയസ്സും അതിന് മുകളിൽ പ്രായമുള്ളവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയ്‌ക്ക് ഇന്ന് തുടക്കം കുറിക്കും. രാജ്യത്തെ എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ തന്നെ പദ്ധതിയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ സാധിക്കും. രാജ്യത്തുടനീളം ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളുടെ തുടർച്ചയായാണ് പദ്ധതി ആരംഭിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ രണ്ടാം ഘട്ടത്തിനും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. പഞ്ചകർമ ആശുപത്രി, ഔഷധ നിർമാണത്തിനുള്ള കേന്ദ്രം, സ്പോർട്സ് മെഡിസിൻ യൂണിറ്റ്, സെൻട്രൽ ലൈബ്രറി, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്റർ, 500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മധ്യപ്രദേശിൽ മന്ദ്‌സൗർ, നീമുച്ച്, സിയോനി എന്നിവിടങ്ങളിലായി മൂന്ന് മെഡിക്കൽ കോളേജുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഹിമാചൽ പ്രദേശിൽ ബിലാസ്പൂർ, പശ്ചിമ ബംഗാളിൽ കല്യാണി, ബീഹാറിലെ പാട്‌ന, ഉത്തർപ്രദേശിൽ ഗോരഖ്പൂർ, മധ്യപ്രദേശിൽ ഭോപ്പാൽ, അസമിലെ ഗുവാഹത്തി, ന്യൂഡൽഹി എന്നിവിടങ്ങളിലായുള്ള എയിംസുകളിലെ സൗകര്യങ്ങൾ വിപുലീകരിക്കാനുള്ള പദ്ധതികൾക്ക് ഇന്ന് തുടക്കമാകും. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലുള്ള സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കും ഒഡീഷയിലെ ബർഗഡിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റേയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലായി നഴ്‌സിങ് കോളേജുകൾ, ഇഎസ്‌ഐ ആശുപത്രികളുടെ ഉദ്ഘാടനം എന്നിവയും നിർവഹിക്കും. 55 ലക്ഷത്തോളം ഇഎസ്‌ഐ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്ന പദ്ധതികൾക്കാണ് ഇതോടെ തുടക്കമാകുന്നത്. ആരോഗ്യ മേഖലയിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.















