അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ദീപാവലി ആശംസകൾ നേർന്ന് ഇന്ത്യ വംശജയായ ബഹിരാകാശ യാത്രിക സുനിതാ വില്യംസ്. ഭൂമിയിൽ നിന്ന് 260 മൈലുകൾ ദൂരത്ത് നിന്ന് ദീപാവലി ആഘോഷിക്കാനുള്ള അപൂർവ അവസരമാണ് ഇത്തവണ ലഭിച്ചിരിക്കുന്നതെന്ന് അവർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ദീപാവലി ഉൾപ്പടെയുള്ള ആഘോഷങ്ങളെ കുറിച്ചും ഭാരതീയ സംസ്‌കാരത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും പിതാവ് പറഞ്ഞു തന്നിട്ടുണ്ടെന്നും അവയിൽ താ ആകൃഷ്ടയാണെന്നും സുനിതാ വില്യംസ് പറഞ്ഞു. നന്മയെ ആഘോഷമാക്കണമെന്ന സന്ദേശമാണ് ദീപാവലി നൽകുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ദീപാവലി ആഘോഷങ്ങളുടെ ഭാഗമാകുന്നതും ഇന്ത്യ മൂല്യങ്ങളെ വ്യാപിപ്പിക്കുന്നതിലും ഏറെ സന്തോഷമുണ്ടെന്നും സുനിതാ വില്യംസ് പറഞ്ഞു. വൈറ്റ് ഹൗസിൽ പ്രത്യേക ദീപാവലി ആഘോഷം സംഘടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സുനിതയുടെ പരാമർശം.
കഴിഞ്ഞ അഞ്ച് മാസമായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ് സുനിതാ വില്യംസ്. ഭൂമിയിൽ നിന്ന് മൈലുകൾ അപ്പുറത്താണെങ്കിലും ഭൂമിയിലെ എല്ലാ കാര്യങ്ങളും അവർ കൃത്യമായി അറിയുന്നുണ്ട്. ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമായാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതയും ബുച്ച് വിൽമോറും ഐഎസ്എസിലെത്തിയത്. അടുത്ത ഫെബ്രുവരിയിൽ ഇരുവരും തിരികെ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് വിവരം. എട്ട് ദിവസത്തിന് ശേഷം ഇരുവരും മടങ്ങുന്നതായിരുന്നു ദൗത്യം. എന്നാൽ പേടകത്തിലെ സാങ്കേതിക തകരാർ കാരണം ഇരുവരും ബഹിരാകാശ നിലയത്തിൽ തുടരുകയാണ്.