മധുരെ: ശരിയത്ത് കൗൺസിൽ സ്വകാര്യ സ്ഥാപനമാണെന്നും കോടതിയല്ലെന്നും ഓർമിപ്പിച്ച് മദ്രാസ് ഹൈക്കോടതി. ഡോക്ടർമാരായ മുസ്ലിം ദമ്പതിമാരുടെ മുത്തലാഖ് സംബന്ധിച്ച റിവിഷൻ ഹർജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചിന്റെ നിരീക്ഷണം.
2010 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2017 ൽ തമിഴ്നാട്ടിലെ ശരിയത്ത് കൗൺസിലായ തൗഹീദ് ജമാഅത്ത് ഭർത്താവിന്റെ ആവശ്യപ്രകാരം വിവാഹമോചന സർട്ടിഫിക്കറ്റ് നൽകി. കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഉപകരിക്കുമെങ്കിലും നിയമപരമായ വിവാഹ മോചന സർട്ടിഫിക്കറ്റിന് പകരം ഉപയോഗിക്കാനോ നഷ്ടപരിഹാരം ലഭ്യമാക്കാനോ ഇതുപയോഗിച്ച് കഴിയില്ല.
കൗൺസിൽ ഭർത്താവിന്റെ ആവശ്യം അംഗീകരിക്കുകയും അതേസമയം ഭാര്യയെ നടപടിയുമായി സഹകരിക്കാത്തതിന് കുറ്റപ്പെടുത്തുകയും ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. “സംസ്ഥാനങ്ങൾ യഥാവിധി രൂപീകരിക്കുന്ന കോടതികൾക്ക് മാത്രമേ വിധി പ്രസ്താവിക്കാൻ കഴിയൂ. ശരിയത്ത് കൗൺസിൽ ഒരു സ്വകാര്യ സ്ഥാപനമാണ്, കോടതിയല്ല,” ജസ്റ്റിസ് ജെ ആർ സ്വാമിനാഥൻ പറഞ്ഞു.
ഭർത്താവ് മൂന്ന് തവണ തലാഖ് ചൊല്ലിയിട്ടില്ലെന്ന് വാദിച്ച ഭാര്യ നേരത്തെ ഗാർഹിക പീഡന പരാതിയുമായി തിരുനെൽവേലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്ന് ഭാര്യക്ക് 5 ലക്ഷം നഷ്ടപരിഹാരവും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പരിപാലനത്തിനായി പ്രതിമാസം 25,000 രൂപയും നൽകണമെന്ന് ഉത്തരവിട്ടു. ഇതിനെതിരെ ഭർത്താവ് സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.















