മനുഷ്യരാശിയുടെ ആദ്യകാലം മുതൽ ഒപ്പമുള്ള വളർത്തുമൃഗങ്ങളിൽ ഒന്നാണ് നായ്‌ക്കൾ. വിശ്വസ്തതയ്‌ക്കും ധൈര്യത്തിനും പേരുകേട്ട മൃഗം. മനുഷ്യരുടെ ജീവിത-സാമൂഹിക സാഹചര്യങ്ങളുമായി വളരെയധികം ഇണങ്ങിച്ചേരാനുള്ള കഴിവ് നായ്‌ക്കൾക്കുണ്ട്. മനുഷ്യരുമായുള്ള ഈ ഒത്തിണക്കം നായ്‌ക്കളെ ഉപയോഗിച്ച് വേട്ടകൾ നടത്താൻ വരെ സഹായിക്കുന്നു. ലോകത്ത് വിവിധതരം നായകളുണ്ട്. അതിൽ പലതും വിശ്വസ്തരായിരിക്കുമ്പോൾ തന്നെ അതിശയിപ്പിക്കുന്ന ശക്തിയും വന്യമായ സഹജാവബോധവും മറച്ച് വെയ്‌ക്കുന്നവയാണ്. യഥാർത്ഥ രൂപം പുറത്തുവന്നാൽ വലിയ അപകടകാരികൾ. ഏറ്റവും അപകടകാരിയായ നായ എന്താണെന്ന് ചോദിച്ചാൽ എല്ലാവരുടെയും മനസ്സിൽ വരിക പിറ്റ് ബുള്ളും, റോട് വീലറും എല്ലാം ആയിരിക്കും. ആ ലിസ്റ്റിൽ പെടുത്താവുന്ന മറ്റൊരു നായയാണ് ടിബറ്റൻ മാസ്റ്റിഫ്.
ടിബറ്റൻ മാസ്റ്റിഫ് ഒരു വലിയ ടിബറ്റൻ നായ ഇനമാണ്. വലിപ്പമേറിയ ശരീരവും ദേഹം മുഴുവൻ നിറഞ്ഞു നിൽക്കുന്ന രോമങ്ങളുമാണ് ഈ ഭീമൻ നായയുടെ പ്രധാന ആകർഷണം. കാലാവസ്ഥയ്‌ക്ക് അനുയോജ്യമായ രൂപം. കറുപ്പ്, ടാൻ, ചുവപ്പ്, ചാരം, ഇളം മഞ്ഞ നിറങ്ങളിൽ ഈ നായയെ കാണാം. ചില നായകൾക്ക് കഴുത്തിലും നെഞ്ചിലും കാലുകളിലും വെളുത്ത അടയാളങ്ങളുമുണ്ട്. ടിബറ്റിൽ ആദ്യമായി വന്ന യൂറോപ്യന്മാരാണ് മാസ്റ്റിഫ് എന്ന പദം നൽകിയത്. അക്കാലത്ത് പടിഞ്ഞാറൻ രാജ്യങ്ങളിലെ മിക്കവാറും എല്ലാ വലിയ നായ ഇനങ്ങളെയും പരാമർശിക്കാൻ ആ പേര് ഉപയോഗിച്ചിരുന്നു.
ടിബറ്റൻ മാസ്റ്റിഫുകൾ പാശ്ചാത്യ രാജ്യങ്ങളിൽ ഒരു സ്റ്റാൻഡേർഡിന് കീഴിലാണ് കാണിക്കുന്നത്. എന്നാൽ ഇന്ത്യൻ ബ്രീഡ് സ്റ്റാൻഡേർഡ് പ്രകാരം രണ്ട് ഇനങ്ങളായി ഇവയെ വേർതിരിച്ചിരിക്കുന്നു. 1. ലയൺ ഹെഡ് (ചെറുത്; നെറ്റിയിൽ നിന്നും നീളമുള്ള മുടി), 2.ടൈഗർ ഹെഡ് (വലുത്, നീളം കുറഞ്ഞ മുടി). ടിബറ്റിലും പാശ്ചാത്യ രാജ്യങ്ങളിലും ആട്ടിൻകൂട്ടത്തിന്റെ സംരക്ഷകനായ നായ എന്ന നിലയിലാണ് ഇവയെ വളർത്തുന്നത്. വീടുകളിലും ഇവയെ ഇണക്കി വളർത്താനാവും. എന്നാൽ ശക്തമായ ശരീരമുള്ളതിനാൽ ഉടമയുടെ ജാഗ്രത ആവശ്യമാണ്.
ടിബറ്റിലെ ബുദ്ധ വിഹാരങ്ങളുടെ കാവലിനും കരടികൾ, ചെന്നായ്‌ക്കൾ, ഹിമപ്പുലികൾ തുടങ്ങിയ മൃഗങ്ങളിൽ നിന്ന് സന്യാസിമാരെ സംരക്ഷിക്കാനുമാണ് യഥാർത്ഥത്തിൽ ഈ നായ്‌ക്കളെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഹിമാലയത്തിലെയും ടിബറ്റൻ പീഠഭൂമികളിലെയും ഉയരങ്ങളിൽ ആട്ടിൻകൂട്ടത്തിന്റെ സംരക്ഷകനായും പിന്നീട് ഇവയെ വളർത്തി. വലിയ തലയും രോമമുള്ള ശരീരവുമുള്ള ടിബറ്റിലെ നായ്‌ക്കൾക്ക് ഇന്ത്യയിൽ കാണുന്നതിനേക്കാൾ ഇരട്ടി വലിപ്പമുണ്ട്. അവ ശക്തരായ മൃഗങ്ങളാണ്. പകൽ സമയത്ത് അവയെ ചങ്ങലയിൽ ബന്ധിപ്പിച്ച് രാത്രിയിൽ യജമാനന്റെ വീടിന് കാവലിരിക്കാൻ അഴിച്ചുവിടുന്നു.
ശക്തമായ ശരീരഘടനയും ശക്തമായ ആക്രമണവും കൊണ്ട്, ടിബറ്റൻ മാസ്റ്റിഫ് അതിന്റെ ഉടമയെ സംരക്ഷിക്കും.പക്ഷേ അപരിചിതരോട് വളരെ ശത്രുത പുലർത്തുന്നവയാണ് ഈ നായ്‌ക്കൾ. അതിനാൽ തന്നെ അവയെ കണ്ടുമുട്ടിയാൽ അകലം പാലിക്കുന്നതാണ് നല്ലത്. ടിബറ്റ്, നേപ്പാൾ, ഇന്ത്യ, ചൈന എന്നിവടങ്ങളിൽ ഇവയെ വളർത്തിയിരുന്നു.















