മുംബൈ: വിമാനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. നാഗ്പൂർ ഗോണ്ടിയ സ്വദേശിയും എഴുത്തുകാരനുമായ ജഗദീഷ് ഉയ്കെ (35) ആണ് അറസ്റ്റിലായത്. 2021ൽ മറ്റൊരു കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. നാഗ്പൂർ പോലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഭീകരവാദവുമായി ബന്ധപ്പെട്ട പുസ്തകമാണ് ഇയാൾ രചിച്ചതെന്നും പൊതു മദ്ധ്യത്തിൽ നിന്ന് അകന്നാണ് ജീവിക്കുന്നതെന്നും പൊലീസ് കണ്ടെത്തി. നിഗൂഢതകൾ നിറഞ്ഞ സ്വകാര്യ ഭീകരവാദ കോഡിനെക്കുറിച്ച് ഇയാളുടെ പുസ്തകത്തിൽ പറയുന്നുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ്, റെയിൽവേ മന്ത്രി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഡെപ്യൂട്ടി എയർലൈൻ ഓഫീസുകൾ, ഡിജിപി, ആർപിഎഫ് തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ഇയാൾ ഇ മെയിലുകൾ അയച്ചിരുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോട്ട് ചെയ്തു.
തനിക്ക് രഹസ്യ തീവ്രവാദ കോഡുകൾ അറിയാമെന്നും ഇതിനെ കുറിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടും ഇമെയിൽ അയച്ചിരുന്നു. ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് അഭ്യർത്ഥിച്ച് പിഎംഒ യിലേക്ക് ഇയാൾ ഇമെയിൽ അയച്ചിരുന്നു.
ഒക്‌ടോബർ 26 വരെയുള്ള 13 ദിവസത്തിനിടെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് മാത്രം 300 ലധികം ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. പിന്നാലെ ഷെഡ്യൂളുകൾ താളം തെറ്റുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തു.















