മലയാള സിനിമയുടെ തീരാനഷ്ടങ്ങളിൽ ഒന്നാണ് കൊച്ചിൻ ഹനീഫയുടെ മരണം. മലയാളികളുടെ പ്രിയങ്കരനായ നടൻ 2010-ലാണ് മരിക്കുന്നത്. തന്റെ സഹപ്രവർത്തകരുമായി അത്രയധികം ആത്മബന്ധം ഉണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അതിനാൽ തന്നെ കൊച്ചിൻ ഹനീഫയുടെ മരണം മലയാള സിനിമയിലെ മിക്കവരെയും വേദനയിലാഴ്‌ത്തി. താരത്തിന്റെ ഏറ്റവും വലിയ സൗഹൃദങ്ങളിൽ ഒന്നായിരുന്നു നടൻ സലിംകുമാർ. എന്നാൽ തന്റെ ഉറ്റ സുഹൃത്തിന്റെ ഖബറടക്കത്തിൽ സലിംകുമാർ പങ്കെടുത്തിരുന്നില്ല. ആ സംഭവത്തെ പറ്റി ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ സലിംകുമാർ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സിനിമ പ്രേമികളെ കണ്ണീരിലാഴ്‌ത്തുന്നത്.
“ഇത് ഒരിടത്തും പറയരുത് എന്ന് ഞാൻ വിചാരിച്ചതാണ്. ഹനീഫിക്ക മരിച്ചപ്പോൾ ഞാൻ പോയില്ല. അതുകൊണ്ട് ഹനീഫിക്കയുടെ സിനിമ കാണുമ്പോൾ ഞാൻ ചിരിക്കും. ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ ഞാൻ പോയി കണ്ടിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോൾ ഇന്നസെന്റ് ചേട്ടൻ ഇല്ലല്ലോ എന്ന് തോന്നാറുണ്ട്. ഹനീഫ് ഇക്കയെ കാണില്ല എന്ന് ഞാൻ ശപഥം എടുത്തതാണ്. ഞാനും ഹനീഫിക്കയുമായുള്ള ബന്ധം എല്ലാവർക്കും അറിയാം. മൂന്നു പ്രാവശ്യം ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പക്ഷേ ഞാൻ പോയില്ല”.
“ടിവിയിൽ പോയിട്ട് ഞാൻ പറഞ്ഞു, ‘ഹനീഫിക്ക മരിച്ചതിൽ എനിക്ക് ദുഃഖമില്ല, നാളെ ഞാനും അവിടേക്ക് പോകേണ്ടതാണ്’ എന്ന്. ഉള്ള് നീറിയാണ് ഞാൻ അത് പറഞ്ഞത്. അത്രയ്‌ക്ക് സ്നേഹം ഉണ്ടായിരുന്ന മനുഷ്യനാണ്. സിനിമ ഇല്ലാതെ അദ്ദേഹത്തിന് ജീവിക്കാൻ കഴിയില്ലായിരുന്നു. ഞാനുമായി അദ്ദേഹം അവസാനം അഭിനയിച്ചത് ലൗഡ് സ്പീക്കറിൽ ആയിരുന്നു. അപ്പോഴേക്കും ഹനീഫിക്കയ്‌ക്ക് ക്ഷീണമായി. ചട്ടമ്പി നാടിന്റെ സെറ്റിൽ വച്ച് മമ്മൂക്കയാണ് പറഞ്ഞത് ഹനീഫിക്ക ആശുപത്രിയിലാണ് എന്ന കാര്യം”- സലിംകുമാർ പറഞ്ഞു.















