പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് അന്വേഷണത്തിൽ വിശ്വാസം അർപ്പിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാക്കി ഭാര്യ മഞ്ജുഷ. കേസിലെ പ്രതിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം നൽകുന്ന വാർത്തയാണെന്നും മഞ്ജുഷ പ്രതികരിച്ചു. ദിവ്യ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മഞ്ജുഷ പറഞ്ഞു. ദിവ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി ഏതറ്റംവരെയും പോകുമെന്ന് മഞ്ജുഷ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അന്വേഷണ സംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ കണ്ണപുരത്ത് വച്ച് രഹസ്യമായാണ് പൊലീസ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, പൊലീസ് നടപടികളിൽ വീഴ്ചയില്ലെന്നും ദിവ്യ നിരന്തരം പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും കമ്മീഷണർ വ്യക്തമാക്കി. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് അറസ്റ്റ് വൈകിയത്. പൊലീസ് റിപ്പോർട്ടിലുള്ള കാര്യങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഇത് പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതെന്നും കമ്മീഷണർ പറഞ്ഞു.