ലക്നൗ: അയോദ്ധ്യ രാമക്ഷേത്ര പരിസരങ്ങളിൽ വസിക്കുന്ന വാനരന്മാർക്ക് ഭക്ഷണം നൽകുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് നടൻ അക്ഷയ് കുമാർ. പണം ആഞ്ജനേയ സേവ ട്രസ്റ്റിന് കൈമാറി. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ കീഴിലാണ് ആഞ്ജനേയ സേവ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. മാതാപിതാക്കളായ ഹരി ഓമിന്റെയും അരുണ ഭാട്ടിയുടെയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടെയും പേരിലാണ് അക്ഷയ് കുമാർ പണം നൽകിയത്.
ക്ഷേത്രത്തിലെത്തുന്ന ഭക്തർ നൽകുന്ന ഭക്ഷണമാണ് ഇവരുടെ ആഹാരം. ഈ സാഹചര്യത്തിലാണ് വാനരക്കൂട്ടത്തിന്റെ ക്ഷേമം ഉറപ്പാക്കാനായി അക്ഷയ് കുമാർ സംഭാവന നൽകിയത്. . വാനരന്മാർക്ക് മുടങ്ങാതെ ഭക്ഷണം നൽകണമെന്ന നിർദേശവും അക്ഷയ് കുമാർ നൽകിയതായി ആഞ്ജനേയ സേവ ട്രസ്റ്റ് സ്ഥാപക പ്രിയ ഗുപ്ത അറിയിച്ചു.
അയോദ്ധ്യയിലേക്കുളള ദീപാവലി സമ്മാനമായിട്ടാണ് അക്ഷയ് കുമാറിന്റെ തീരുമാനമെന്ന് താരത്തിന് ഒപ്പമുളളവർ പറഞ്ഞു. പ്രത്യേക ഫീഡിംഗ് വാഹനങ്ങൾ ഉൾപ്പെടെ സജ്ജീകരിച്ചായിരിക്കും വാനരസേനയ്ക്ക് ഭക്ഷണം നൽകുക. അയോധ്യയിലെ വാനരക്കൂട്ടത്തെ ശ്രീരാമ ദാസൻമാരായിട്ടാണ് ഭക്തർ കരുതുന്നത്. അതുകൊണ്ടുതന്നെ ഇവിടുത്തെ വാനരക്കൂട്ടങ്ങൾക്ക് ഭക്തർ ഭക്ഷണം നൽകുന്നത് പതിവു കാഴ്ചയാണ്.